കൊളംബോ: ലങ്കന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറി. ശ്രീലങ്ക ക്രിക്കറ്റ് സെലക്ഷന് ബോര്‍ഡ് ചെയര്മാന് സനത് ജയസൂര്യ ഔദ്യോഗിക പദവി ഒഴിഞ്ഞു. ജയസൂര്യക്കൊപ്പം കമ്മിറ്റിയിലെ മറ്റംഗങ്ങളും സ്ഥാനമൊഴിഞ്ഞു.
ഇന്ത്യയുമായുള്ള ടെസ്റ്റ് സീരിസിലെ തോല്‍വിയും ഇപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയിലെ ദയനീയ പ്രകടനവുമാണ് പദവിയൊഴിയാന്‍ ജയസൂര്യയെ നിര്‍ബന്ധിതനാക്കിയത്. ശ്രീലങ്ക ക്രിക്കറ്റ് വൈസ് പ്രസിഡന്റ് മോഹന്‍ ഡിസില്‍വയാണ് മാധ്യമങ്ങളോട് കാര്യം വിശദീകരിച്ചത്. നാളെ ടീമിന്റെ നാലാം ഏകദിനം നടക്കാനിരിക്കേ സെലക്ഷന് കമ്മിറ്റിയില്‍ അടിമുടി മാറ്റമുണ്ടായേക്കുമെന്നും ഡിസില്‍വ സൂചന നല്കി.
പഞ്ചമത്സര പരമ്പരയില്‍ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ലങ്ക പരാജയപ്പെട്ടിരുന്നു. ദിനേഷ് ചണ്ഡിമല്‍ നയിച്ച ടെസ്റ്റ് ടീം 0-3 എന്ന നിലയില്‍ തൂത്തെറിയപ്പെടുകയും ചെയ്തു. ടെസ്റ്റ് പരമ്പരയിലെ പരാജയം ഏകദിനത്തിലും ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് അധികാര കേന്ദ്രങ്ങളില്‍ നിന്നു കാരണമന്വേഷിക്കുകയും ആരാധകവിമര്ശനങ്ങള് ഉയരുകയും ചെയ്തിരുന്നു. ഇതാണ് അഴിച്ചുപണിയാനുള്ള തീരുമാനത്തിലേക്ക് ടീം ഭരണസമിതിയെ നയിച്ചത്.
വളരെ വിമര്‍ശനം നേരിടുന്ന അവസ്ഥയിലൂടെ കടന്നുപോകുന്ന ലങ്കന്‍ ടീമിന്റെ പരാജയങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ശ്രീലങ്ക ക്രിക്കറ്റ് മേധാവി തിലംഗ സുമതിപാല രാജിവയ്ക്കണമെന്ന്, മുന്‍ക്യാപ്റ്റനും ഇപ്പോള്‍ പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗ ആവശ്യപ്പെട്ടെങ്കിലും സുമതിപാല ഇത് നിഷേധിച്ചു.
പദവിയൊഴിയേണ്ട സാഹചര്യമില്ലെന്നും ടീമിന്റെ പ്രകടനം മോശമായതില്‍ ഭരണസമിതിക്ക് കാര്യമായ പങ്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ടീമിന്റെ പരാജയകാരണങ്ങള്‍ വിശദീകരിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയ്ക്കും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയ്ക്കും കത്തയച്ചിട്ടുണ്ടെന്ന് രണതുംഗ വ്യക്തമാക്കി.
പഴയ പ്രതാപം വീണ്ടെടുക്കാന്‍ ടീമിന്റെ വര്‍ത്തമാനകാല അവസ്ഥയില്‍ ഇടപെടണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സുമതിപാല ഭരണസമിതി പിരിച്ചു വിട്ട് ഇടക്കാല ഭരണസമിതിയെ നിയോഗിക്കുകയെന്നതാണ് രണതുംഗ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്ന പ്രധാന പരിഹാരം.
ബാക്കിയുള്ള രണ്ടു മത്സരങ്ങളില്‍ക്കൂടി ഇന്ത്യയോട് പരാജയപ്പെട്ടാല്‍, 2019ലെ ലോകകപ്പില്‍ ടീമിന് പ്രവേശിക്കാന്‍ ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്ന യോഗ്യതാമത്സരത്തില്‍ കഴിവു തെളിയിക്കേണ്ടി വരും. കഴിഞ്ഞ രണ്ടുമത്സരങ്ങള്ക്കു ശേഷവും ആരാധകര്‍ കളിക്കളത്തിലേക്ക് കുപ്പികള്‍ വലിച്ചെറിഞ്ഞും കൂകിവിളിച്ചും ടീമിനോടുള്ള രോഷം പ്രകടിപ്പിച്ചിരുന്നു.
ദേശീയ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായ സുമതിപാല 2016ല്‍ ആണ് ശ്രീലങ്ക ക്രിക്കറ്റ് മേധാവിയായി നിയമിതനായത്. അതുവരെ രാഷ്ട്രീയസ്വാധീനമുള്ള ഇടക്കാല കമ്മിറ്റികളായിരുന്നു ഉണ്ടായിരുന്നത്. ടീമിനെ മികച്ച നിലയിലെത്തിക്കാന്‍ മികച്ച പദ്ധതികള്‍ മനസിലുണ്ടെന്നും ഇത് നടപ്പാക്കാന്‍ നാലു വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും അധികാരമേല്ക്കുമ്പോള്ത്തന്നെ സുമതിപാല പറഞ്ഞിരുന്നു.
എന്നാല്‍ ഒരു വര്‍ഷം മാത്രം പിന്നിട്ട ഭരണസമിതിയെ പാരാജയത്തില് കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറയുന്നു. പ്രാദേശികമത്സരങ്ങള് സംഘടിപ്പിച്ച് ടീമിനെ ഉണര്ത്തിയെടുക്കണമെന്ന് മുന്‍താരങ്ങളായ സംഗക്കാരയും ജയവര്‍ധനയും അഭിപ്രായപ്പെട്ടു.