തിരുവനന്തപുരം: കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ വില കിട്ടിയില്ലെന്ന് നടന് ജയസൂര്യ പൊതുവേദിയിൽ മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടത്തിയ പരാമര്‍ശത്തോട് പ്രതികരണവുമായി ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. ജയസൂര്യയുടെ പരാമർശം തെറ്റിദ്ധാരണയില്‍നിന്നും ഉണ്ടായതാണെന്ന് മന്ത്രി പറഞ്ഞു.
ജയസൂര്യയുടെ സുഹൃത്ത് കൃഷ്ണപ്രസാദ് നടത്തിയ പ്രസ്താവന തെറ്റാണ്. കൃഷ്ണ പ്രസാദിന് കുടിശികയെല്ലാം കൊടുത്തതാണ്. കൃഷ്ണ പ്രസാദിന്റേത് ഒരു ബിജെപി കുടുംബമാണ്.
അദ്ദേഹത്തിന്റെ സഹോദരന് കൃഷ്ണകുമാര്‍ ചങ്ങനാശേരിയില്‍ ബിജെപിയുടെ കൗണ്‍സിലറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയാണ് നിലവിലെ കൗണ്‍സിലർ. കൃഷ്ണപ്രസാദിന്റെ പരാമര്‍ശം വിശ്വസിച്ചാണ് ജയസൂര്യയും തെറ്റായ പരാമര്‍ശം നടത്തിയതെന്നും മന്ത്രി പറഞ്ഞു.
ഓണക്കിറ്റ് വിഷയത്തിലുള്ള പ്രതിപക്ഷ നിലപാടിനെയും മന്ത്രി വിമർശിച്ചു. തിരുവോണ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പട്ടിണി സമരംരാഷ്ട്രീയപ്രേരിതമാണെന്നും ഇതിനു പിന്നാലെയാണ് ജയസൂര്യയുടെ പ്രതികരണമെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ നെല്കര്ഷകന് ഏറ്റവും കൂടുതല്‍ പണം കൊടുക്കുന്നത് കേരളമാണ്. സംസ്ഥാനത്ത് അഞ്ചേകാൽ ലക്ഷത്തോളം ആളുകൾക്ക് കിറ്റ് നൽകിയെന്നും ജി.ആർ. അനിൽ കൂട്ടിച്ചേർത്തു.
സപ്ലൈകോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാല്‍ തിരുവോണ ദിനത്തില്‍ പല കര്‍ഷകരും ഉപവാസ സമരത്തിലാണ്.
പുതുതലമുറ കൃഷിയിലേക്ക് വരുന്നില്ലെന്ന് പറയുന്നവര്‍ കൃഷിക്കാര്‍ക്ക് എന്താണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നതെന്ന് അറിയണമെന്നുമായിരുന്നു ജയസൂര്യയുടെ വിമർശനം. മന്ത്രിമാരായ പി. പ്രസാദ്, പി. രാജീവ് എന്നിവർ വേദിയിലിരിക്കെയായിരുന്നു ജയസൂര്യയുടെ പ്രതികരണം.