കൊച്ചി: ചെലവന്നൂർ കായൽ കൈയേറി നടൻ ജയസൂര്യ നിർമിച്ച മതിൽ പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കോർപ്പറേഷൻ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജയസൂര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.
ജയസൂര്യ കായൽ കൈയേറി നിർമിച്ച ബോട്ട്ജെട്ടി കോർപറേഷൻ ബുധനാഴ്ച പൊളിച്ചു നീക്കിയിരുന്നു. ജെട്ടി പൊളിച്ചുമാറ്റാനുള്ള കൊച്ചി കോർപറേഷന്റെ നടപടികൾ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ട്രൈബ്യൂണൽ പിൻവലിച്ചതിനെ തുടർന്നായിരുന്നു കോർപറേഷന്റെ നടപടി.
അതേസമയം കൈയേറ്റമാണോയെന്ന കാര്യത്തിൽ വ്യക്തതയുണ്ടാകാത്തതിനാൽ ജെട്ടിയോട് ചേർന്നു നിർമിച്ച ചുറ്റുമതിൽ പൊളിച്ചിരുന്നില്ല. ഈ മതിൽ പൊളിക്കുന്നതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
കൊച്ചുകടവന്ത്ര ഭാഗത്തെ വീടിനു സമീപം ജയസൂര്യ കായൽ കൈയേറി ബോട്ട്ജെട്ടി നിർമിച്ചെന്നാരോപിച്ച് 2013 ഓഗസ്റ്റ് ഒന്നിനാണ് പൊതുപ്രവർത്തകനായ കളമശേരി സ്വദേശി ഗിരീഷ് ബാബു കൊച്ചി കോർപറേഷനിൽ പരാതി നൽകിയത്.
കോർപറേഷൻ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കൈയേറ്റം ബോധ്യപ്പെട്ടതോടെ ജെട്ടി പൊളിച്ച് നീക്കാൻ 2014 ഫെബ്രുവരി 21ന് ജയസൂര്യക്ക് നോട്ടീസ് നൽകി. നോട്ടീസ് കൈപ്പറ്റാതിരുന്നതോടെ ജൂണിൽ വീണ്ടും നോട്ടീസ് നൽകി. പിന്നീട് ഒന്നര വർഷം തുടർ നടപടികൾ ഉണ്ടായില്ല.
ഇതിനെതിരെ പരാതിക്കാരൻ 2015 ഡിസംബർ 18ന് തൃശൂർ വിജിലൻസ് കോടതിയിൽ പരാതി നൽകി. കൈയേറ്റം ബോധ്യപ്പെട്ടിട്ടും വേണ്ട നടപടി സ്വീകരിക്കാതെ കൊച്ചി കോർപറേഷനും കൈയേറ്റക്കാരനും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചാണ് പരാതി നൽകിയത്. പരാതി പരിഗണിച്ച കോടതി ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കണയന്നൂർ താലൂക്ക് സർവേയർക്ക് നിർദേശം നൽകി.
പരിശോധന നടത്തിയ സർവേയർ കൈയേറ്റം സ്ഥിരീകരിച്ച് റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിക്ക് നൽകി. മൂന്നേമുക്കാൽ സെന്റ് കായൽ കൈയേറി നാല് തൂണുകളും മുകളിൽ കോണ്ക്രീറ്റ് പ്ലാറ്റ്ഫോമും മേൽക്കൂരയും നിർമിച്ചെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2016 ഫെബ്രുവരി 26ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം എറണാകുളം വിജിലൻസ് വിംഗിന് കൈമാറി.
ഇതിനിടെ 2016 ഫെബ്രുവരി എട്ടിനു കൈയേറ്റം പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് കോർപറേഷൻ ജയസൂര്യക്ക് അന്തിമ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ ജയസൂര്യ തിരുവനന്തപുരം തദ്ദേശ സ്വയംഭരണ ട്രൈബ്യൂണലിനെ സമീപിച്ചു സ്റ്റേ വാങ്ങി.
തുടർന്ന് ഒരു വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞ ഫെബ്രുവരി 27ന് സ്റ്റേ നീക്കിക്കൊണ്ട് ട്രൈബ്യൂണൽ ഉത്തരവിറക്കിയത്. കൈയേറ്റം പൊളിച്ചു നീക്കാൻ ജയസൂര്യ സ്വയം തയാറാകാതിരുന്നതോടെ കോർപറേഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി ജെട്ടി പൊളിച്ചുമാറ്റുകയായിരുന്നു.