തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ജോലിക്കു ഹാജരാകാതെ ‘വ്യാജ ഹാജർ’ രേഖപ്പെടുത്തിയെന്ന റിപ്പോർട്ട് വാർത്തയായതിനു പിന്നാലെ ഐഎഎസ് തലപ്പത്ത് പോര് കനക്കുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെ ആക്ഷേപിച്ചും വെല്ലുവിളിച്ചും പ്രശാന്ത് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പാണ് പോര് പുതിയ തലത്തിലേക്ക് എത്തിച്ചത്.
ജയതിലക് ‘മാടന്പള്ളിയിലെ യഥാർഥ മനോരോഗി’യാണെന്ന് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. തന്റെ പോസ്റ്റിനു താഴെ വന്ന കമന്റിനുള്ള മറുപടിയായാണ് പ്രശാന്ത് ‘മനോരോഗി’ പരാമർശം നടത്തിയത്. പിന്നീട് ഇത് വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയെന്ന് ജയതിലകിനെ ഫേസ്ബുക്ക് പോസ്റ്റിൽ വിശേഷിപ്പിച്ച പ്രശാന്ത്, അദ്ദേഹത്തിനെതിരേ സർക്കാർ ഫയലുകൾ പുറത്തുവിടുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വെല്ലുവിളിച്ചു.
നിലവിൽ കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറിയായ പ്രശാന്ത് തനിക്കെതിരേ വാർത്ത നൽകിയ പത്രത്തിനെതിരേ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാൽ പത്രം ഇന്നലെയും തുടർ വാർത്ത നൽകിയതോടെയാണ് തനിക്കെതിരേ റിപ്പോർട്ട് നൽകിയ അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെയും പ്രശാന്ത് ഫേസ്ബുക്ക് പോസിറ്റിട്ടത്.
ഡോ. എ. ജയതിലകിനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ചചെയ്യേണ്ടി വരുന്നത് ഇഷ്ടമല്ലെങ്കിലും, തത്കാലം വേറെ നിർവാഹമില്ലെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. വിവരാവകാശ പ്രകാരം പൊതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുന്പോൾ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
“എനിക്കെതിരേ റിപ്പോർട്ടുകൾ തയാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമർപ്പിക്കുന്ന അവരുടെ സ്പെഷൽ റിപ്പോർട്ടർ ഡോ. ജയതിലക് എന്ന സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. സർക്കാർ ഫയലുകൾ പൊതുജനമധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തത്ക്കാലം വേറെ നിർവാഹമില്ല. വിവരാവകാശ പ്രകാരം പൊതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.
ഇന്നും തുടർന്നുള്ള ദിവസങ്ങളിലും സമയം കിട്ടുന്പോൾ പോസ്റ്റാം. കാര്യം അറിയാവുന്നവർക്ക് താഴെ കമന്റാം, എന്റെ പണി എളുപ്പമാക്കാം. അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്വ്യക്തിയാണ്, അതുകൊണ്ട് വേണ്ടവിധം ഭയബഹുമാനത്തോടെ വേണം കേട്ടോ…’ എന്നായിരുന്നു പ്രശാന്തിന്റെ പരാമർശം.