ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്ക് ഗാനാര്ച്ചനയൊരുക്കിയാണ് സംഗീതജ്ഞരായ “ജയവിജയ’ന്മാരുടെ സംഗീതലോകത്തേക്കുള്ള തുടക്കം. അര്‍ധ സഹോദരനായ കെ.ജി. വിജയനൊപ്പം ബാല മുരളീകൃഷ്ണയുടെ ശിഷ്യരായി മദ്രാസില്‍ താമസിക്കുന്ന കാലത്തായിരുന്നു ഭക്തിയുടെ ഇരുമുടിയുമേന്തി അയ്യപ്പസന്നിധാനത്തിലേക്കുള്ള ഗാനാര്ച്ചനയുടെ മലചവിട്ടല്‍.
എച്ച്എംവിയിലെ മാനേജരുടെ നിര്‍ദേശപ്രകാരം രണ്ട് അയ്യപ്പഭക്തി ഗാനങ്ങള്‍ക്ക് ജയവിജയന്മാര് സംഗീതമേരൊക്കി. പാട്ടുകളെഴുതിയത് എം.പി. ശിവമായിരുന്നു. “ഇഷ്ടദൈവമേ സ്വാമീ ശരണമയ്യപ്പാ…’ എന്ന ആ ഗാനം ഗായിക പി. ലീലയെ വീട്ടില്‍ച്ചെന്ന് പാട്ടു പഠിപ്പിച്ച് പാടിച്ചു. ഒരു സ്ത്രീ ആദ്യമായി പാടുന്ന ഭക്തിഗാനമെന്ന ക്രെഡിറ്റ് ഈ ഗാനത്തിനുണ്ട്. “ഹരിഹരസുതനേ… ‘ എന്നു തുടങ്ങുന്നതായിരുന്നു അടുത്ത ഗാനം. തുടര്‍ന്ന് ഭക്തിയും സംഗീതവും ഇഴപിരിയാത്ത നിരവധി ഗാനങ്ങള്‍ ജയവിജയന്മാര് ഒരുക്കി.
യേശുദാസിനെയും ജയചന്ദ്രനെയും ആദ്യ അയ്യപ്പഗാനം പാടിച്ചതും ജയവിജയന്മാരാണ്. ജയനും വിജയനും ചേര്‍ന്നെഴുതി ഈണം പകര്‍ന്ന “ശ്രീശബരീശാ ദീനദയാലാ…’ എന്ന ഗാനം ജയചന്ദ്രനും “ദര്‍ശനം പുണ്യദര്‍ശനം…’ എന്ന പാട്ട് യേശുദാസും പാടി. ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആല്‍ബമായ “ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും ഇവരുടേതാണ്. സന്നിധാനത്ത് നട തുറക്കുമ്പോള്‍ കേള്‍ക്കുന്ന “ശ്രീകോവില്‍ നടതുറന്നു’ എന്ന ഗാനം ഇവര്‍ ഈണമിട്ട് പാടിയതാണ്.
ജോസ് പ്രകാശ് നൽകിയ പേര്
കെ. ജി. ജയന്, കെ.ജി. വിജയന് എന്ന ഇരട്ട സഹോദരന്മാരുടെ പേര് ചുരുക്കി “ജയവിജയ’ എന്നാക്കിയത് നടന് ജോസ് പ്രകാശ് ആയിരുന്നു. തുടര്‍ന്ന് ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവന്‍ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ജനഹൃദയങ്ങളില്‍ നിറഞ്ഞു നിന്നു. ദേവീ സ്തുതികളായും കൃഷ്ണസ്തുതികളായും നിരവധി ഗാനങ്ങളാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്.
“നക്ഷത്രദീപങ്ങള്‍ തിളങ്ങി’ (നിറകുടം), “ഹൃദയം ദേവാലയം’ (തെരുവുഗീതം), “കണ്ണാടിയമ്മാ ഉന്‍ ഇദയം’.. (പാദപൂജ), “ഇരൈവനുക്കും പെയരേ വൈയ്ത്താന് ഒരു മനിതന് ഇങ്കേ’.. ( ഷണ്മുഖപ്രിയ) തുടങ്ങി 20 ഓളം മലയാളം, തമിഴ് ചലച്ചിത്ര ഗാനങ്ങള്‍ക്ക് ഇരുവരും സംഗീതമേകി. 1968ല്‍ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖമാര്‍ ആണ് ആദ്യസിനിമ.
സംഗീതകച്ചേരിക്കായി ജയനൊപ്പം തൃശിനാപ്പള്ളിയിലേക്ക് ട്രെയിനില്‍ പോകവേ 1988 ജനുവരി ഒന്‍പതിനായിരുന്നു കെ.ജി. വിജയന്റെ വേര്‍പാട്. തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലൂടെയും കച്ചേരികളിലൂടെയും ജയന് സംഗീത യാത്ര തുടര്‍ന്നു. യേശുദാസ് ആലപിച്ച് കെ.ജി. ജയന് ഈണമിട്ട മയില്‍പ്പീലി എന്ന കൃഷ്ണഭക്തിഗാന ആല്‍ബം ഇന്നും ആസ്വാദകഹൃദയങ്ങളിലുണ്ട്. 63 വര്‍ഷത്തെ സംഗീത സപര്യ അവസാനിപ്പിച്ച് ജയന് വിടവാങ്ങുമ്പോള്‍ ഭക്തി നിലയ്ക്കാത്തിടത്തോളം ആ ഗാനങ്ങളും ആരാധക ഹൃദയങ്ങളിലുണ്ടാകും.
സീമ മോഹന്‍ലാല്‍