സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: അരയ്ക്കു താഴെ ചലനശേഷിയില്ലാത്ത യുവാവ് സ്വന്തം കാറിൽ ഭൂട്ടാനിലേക്ക് യാത്രയാകുന്നു. പെരിയ ചാലിങ്കാൽ സ്വദേശിയും പെരിയയിൽ ജാസ് കംപ്യൂട്ടർ കഫേ ഉടയുമായ കെ.ടി. ജയേഷ് (34) ആണ് പ്രത്യേകം തയാറാക്കിയ കാറിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽനിന്ന് സന്തോഷത്തിന്റെ നാട്ടിലേക്ക് യാത്രയാകുന്നത്. ആറാം വയസിൽ പോളിയോ ബാധിച്ച് അരയ്ക്കുതാഴെ ഇരുകാലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട ഈ കംപ്യൂട്ടർ ഡിപ്ലോമ ബിരുദധാരി തന്നെപ്പോലുള്ളവർ വൈകല്യത്തെ അതിജീവിക്കണമെന്ന സന്ദേശമാണ് ഇത്രയും ദൈർഘ്യമുള്ള യാത്രയിലൂടെ നൽകുന്നത്.
ഗാന്ധിജയന്തി ദിനത്തിൽ യാത്ര ആരംഭിക്കുമെന്ന് ജയേഷ് പറഞ്ഞു. ഉറ്റസുഹൃത്തുക്കളായ കെ.സുഭാഷും കലേഷും ഒപ്പമുണ്ടാകും. പത്തു ദിവസംകൊണ്ട് ഭൂട്ടാനിലെത്തുന്നവിധമാണ് യാത്ര ആസൂത്രണം ചെയ്തിട്ടുള്ളത്. ബംഗളൂരു, ഹൊൻകോൽ, വിശാഖപട്ടണം, ഭുവനേശ്വർ, കോൽക്കത്ത, സിലിഗുരി വഴി ഭൂട്ടാൻ അതിർത്തിയായ ജയ്ഗോയിലെത്തും. അവിടെനിന്ന് നേരെ ഭൂട്ടാനിലെ അതിർത്തിനഗരമായ പുങ്ഷ് ലൈനിൽ പ്രവേശിക്കും.
3600 കിലോമീറ്ററാണ് ഇവിടെയെത്തുമ്പോഴേക്കും താണ്ടേണ്ടിവരിക. നാഷണൽ ഹാപ്പിനസ് രാജ്യമായതിനാലാണ് തന്റെ യാത്ര ഭൂട്ടാനിലേക്കാക്കിയതെന്ന് ജയേഷ് പറയുന്നു. സംസ്കാരം, പൈതൃകം, സമ്പന്നത, ശുചിത്വം, പ്രകൃതിഭംഗി എന്നിവകൊണ്ട് ലോകത്തെ മികച്ച വിനോദസഞ്ചാരകേന്ദ്രംകൂടിയാണ് ഹിമാലയ പാർശ്വത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്ന ഈ കൊച്ചുരാജ്യം. പത്തു ദിവസം ഭൂട്ടാനിൽ തങ്ങിയശേഷം തിരിക്കും.
യാത്രയ്ക്കായി തന്റെ കെഎൽ 60 പി 8023 നമ്പർ ടാറ്റാ നെക്സൻ ഓട്ടോമാറ്റിക് ഹാൻഡ് കൺട്രോൾഡ് കാർ ഒരുക്കിക്കഴിഞ്ഞു. ഇരുകാലുകൾക്കും വൈകല്യമുള്ളതിനാൽ ബ്രേക്കും ആക്സിലേറ്ററും കൈകൊണ്ടാണ് പ്രവർത്തിപ്പിക്കുക.
നേരത്തെ ജയേഷ് തന്റെ കാറിൽ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ നിരവധിപ്രദേശങ്ങൾ തനിച്ചു സന്ദർശിച്ചിട്ടുണ്ട്. ഇതിൽനിന്നു ലഭിച്ച ആത്മവിശ്വാസമാണ് ഭൂട്ടാനിലേക്കുള്ള യാത്രയ്ക്കു പ്രേരകമായത്.
ഒഴിച്ചുകൂടാൻ പറ്റാത്ത ഘട്ടങ്ങളിൽ മാത്രമേ വാഹനനിയന്ത്രണം സുഹൃത്തിനു കൈമാറുകയുള്ളൂ. തന്റെ യാത്രയ്ക്കെല്ലാം കുടുംബത്തിന്റെ അകമഴിഞ്ഞ പിന്തുണയും പ്രാർഥനയുമുണ്ടെന്ന് ജയേഷ് പറഞ്ഞു. ചാലിങ്കാലിലെ ഗംഗാധരൻ-സരോജിനി ദമ്പതികളുടെ മകനാണ് ജയേഷ്. ഭാര്യ അശ്വതി മുന്നാട് പീപ്പിൾസ് കോ-ഓപ്പറേറ്റീവ് കോളജ് അധ്യാപികയാണ്. രണ്ട് സഹോദരിമാരുമുണ്ട്.