കോഴിക്കോട്: കൊലക്കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വിട്ടയച്ചയാള്‍ പോക്സോ കേസില്‍ അറസ്റ്റില്‍.
കല്ലായി ചക്കുംകടവ് സ്വദേശി നടുംപുരയ്ക്കല്‍ ജയേഷ് (32) ആണ് വെള്ളയില്‍ പോലീസിന്റെ പിടിയിലായത്.
സ്കൂള്‍ വിട്ട സമയത്ത് സമര്‍ഥമായി സ്കൂളില്‍ കടന്ന് ബാത്റൂമില്‍വച്ച് കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.
മീഞ്ചന്തയിലെ സുന്ദരിയമ്മ വധക്കേസില്‍ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെവിട്ട ആളാണ് ജയേഷ്.
നഗരത്തിലെ ഒരു സ്കൂളില്‍ വൈകുന്നേരം സ്കൂള്‍ വിടുന്ന സമയം നോക്കി കുട്ടികളെ കൂട്ടുന്നതിനായി വന്ന രക്ഷിതാക്കള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കുമൊപ്പം സമര്‍ഥമായി സ്കൂള്‍ കോമ്പൗണ്ടില്‍ പ്രവേശിച്ച ശേഷമാണ് സ്കൂളിന്റെ മൂത്രപ്പുരയില്വച്ച് പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സുന്ദരിയമ്മ കൊലക്കേസില്‍ പ്രതിയായിരുന്ന ജയേഷ് ആണ് പ്രതി എന്ന് പോലീസിന് സംശയം തോന്നുകയും മുന്‍പ് ജയേഷിനെ കുറിച്ച് ചാനലുകളില്‍ വന്ന വാര്‍ത്തകളിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെ കാണിക്കുകയും ചെയ്തു. ഇതില്‍ ജയേഷ് തന്നെയാണ് പ്രതിയെന്ന സംശയം ബലപ്പെടുകയായിരുന്നു.
ജയേഷിനെതിരായി വെളളയില്‍, ടൗണ്‍ പോലീസ് സ്റ്റേഷനുകളില്‍ സെപ്റ്റംബര്‍ മാസത്തില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇയാള്‍ കോഴിക്കോട് നഗരത്തില്‍ തന്നെ താമസമുണ്ടെന്ന് പോലീസ് മനസിലാക്കി.
സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തുവച്ച് പോലീസ് സമര്‍ഥമായി പ്രതിയെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. വെള്ളയില്‍ പോലീസ് ഇന്‍സ്പെക്ടര്‍ വി.ബാബുരാജിന്റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സനീഷ്.യു, ബാവ രഞ്ജിത്ത്, എഎസ്ഐ ദീപു കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എൻ.നവീന്‍, സിവില്‍ പോലീസ് ഓഫീസര്‍ പി.ജയചന്ദ്രന് എന്നിവര്‍ ഉള്‍പ്പെട്ട ടീമാണ് പ്രതിയെ പിടികൂടിയത്.
പ്രാഥമിക തെളിവെടുപ്പിന് ശേഷം പ്രതിയെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നാലില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.