എരുമേലി: പേരിലെ അപൂർവത കൊണ്ടാകാം മുടങ്ങിപ്പോയ ആധാർ കാർഡ് അനുവദിച്ചു കിട്ടാൻ വീണ്ടും അപേക്ഷ നൽകി രാജീവ് ഗാന്ധി.
മുട്ടപ്പള്ളി ഇളയാനിതോട്ടം രാജീവ് ഗാന്ധി ആണ് ഒരു വർഷത്തിന് ശേഷം ആധാർ കാർഡിനായി അപേക്ഷ നൽകിയത്.
ഒരു വർഷം മുമ്പ് ആധാർ കാർഡിന് അക്ഷയ സെന്ററിൽ അപേക്ഷ നൽകിയെങ്കിലും അനുവദിക്കപ്പെട്ടില്ല. ഇതിനുശേഷം വീണ്ടും ശ്രമം നടത്തിയിട്ടും പരാജയപ്പെട്ടു.
ഇത്തവണ പഞ്ചായത്ത് പ്രസിഡന്റ് നൽകിയ സാക്ഷ്യപത്രം കൂടി ഹാജരാക്കി എരുമേലിയിലെ അക്ഷയ സെന്ററിൽ ഇന്നലെ അപേക്ഷ നൽകുകയായിരുന്നു.
പത്ത് ദിവസത്തിന് ശേഷം അപേക്ഷയുടെ മറുപടി ലഭിക്കുമെന്ന് അക്ഷയ സംരംഭകൻ സോജൻ ജേക്കബ് പറഞ്ഞു. ഇത്തവണ കാർഡ് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് രാജീവ് ഗാന്ധി.
ഇദ്ദേഹത്തിന്റെ സഹോദരൻ രാഹുൽ ഗാന്ധി കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിച്ചത് ഏറെ ശ്രദ്ധേയമായി മാറിയിരുന്നു.
പേരിലെ സാമ്യത മൂലം വയനാട് മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ മുട്ടപ്പള്ളിയിലെ രാഹുൽ ഗാന്ധിയെ അപര സ്ഥാനാർഥിയാക്കിയതാണെന്ന് പ്രചരണം ഉണ്ടായിരുന്നു.
തെരഞ്ഞെടുപ്പിൽ അപര സ്ഥാനാർഥി രാഹുൽ ഗാന്ധി 2196 വോട്ട് നേടുകയും ചെയ്തു.
പ്രമുഖ നാടൻപാട്ട് കലാകാരൻ കൂടിയാണ് രാഹുൽ ഗാന്ധി എന്ന രാഹുൽ കൊച്ചാപ്പി.
മക്കൾക്ക് വ്യത്യസ്തമായ പേര് നൽകിയത് പിതാവാണ്. ഈ പേരുകൾ പിന്നീട് മക്കൾ ഇരുവരെയും ജീവിതത്തിലുടനീളം ശ്രദ്ധേയരാക്കിയെന്നുള്ളതാണു പ്രത്യേകത.