മലയാളി മനസ് എത്രമാത്രം കരുണ നിറഞ്ഞതും വിശാലവുമാണെന്ന് വ്യക്തമാക്കുന്ന പ്രവര്‍ത്തികളാണ് ഇക്കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ കാണാനായത്. മഴക്കെടുതിയില്‍ പെട്ട ഓരോരുത്തര്‍ക്കും ആളുകള്‍ പരസ്പരം താങ്ങും തണലുമായി. അക്കൂട്ടത്തില്‍ തന്നെ ഹൃദയസ്പര്‍ശിയായ, ധീരമായ, കാണുന്നവരുടെ മനസ് നിറയ്ക്കുന്ന തരത്തിലുള്ള നിരവധി രംഗങ്ങളും കടന്നു വരികയുണ്ടായി.
ബോട്ടില്‍ കയറാന്‍ സ്ത്രീകള്‍ക്ക് സ്വയം ചവിട്ടുപടിയായിക്കിടന്ന നീലക്കുപ്പായക്കാരന്റെ വിഡിയോ ആയിരുന്നു അതിലൊന്ന്. സമൂഹമാധ്യമങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വീഡിയോയിലൂടെ ആളുകളുടെ പ്രശംസ ഏറ്റുവാങ്ങിയതാകട്ടെ, മലപ്പുറം താനൂരുകാരനായ ജെയ്സലും. ഇതുപോലുള്ള മനസുകളോട് എങ്ങനെ നന്ദി പറയുമെന്നാണ് പലരും ചോദിച്ചത്. തന്റെ പ്രവര്‍ത്തിയെ ലോകം മാതൃകയായി ഏറ്റെടുത്ത് അഭിനന്ദിക്കുമ്പോള്‍ ഇത് തന്റെ കടമയെന്നാണ് ജെയ്‌സല്‍ പറയുന്നത്. ജയ്‌സലിന്റെ വാക്കുകളിങ്ങനെ…
‘ബ്ലീഡിംഗ് ആയ ഒരു സ്ത്രീ അവിടെ കുടുങ്ങിയവര്‍ക്കിടയിലുണ്ടെന്ന് അറിഞ്ഞു. പക്ഷേ അങ്ങോട്ട് പോകാന്‍ കഴിയില്ലെന്നായിരുന്നു എന്‍.ഡി.ആര്‍.എഫ് അറിയിച്ചത്. പറ്റാവുന്നിടത്തോളം ദൂരം നിങ്ങളുടെ ബോട്ടില്‍ കൊണ്ടുപോകാമോ, ബാക്കി ഞങ്ങള്‍ നീന്തിപ്പൊയ്ക്കോളാം. എങ്ങനെയെങ്കിലും ആ സ്ത്രീയെ ബോട്ടിലെത്തിക്കാമെന്നും പറഞ്ഞു.
അങ്ങനെയാണ് എന്‍.ഡി.ആര്‍.എഫിന്റെ സഹായം കിട്ടിയത്. അവരെ രക്ഷപ്പെടുത്തി ബോട്ടില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ബ്ലീഡിംഗ് ഉള്ള സ്ത്രീയല്ലേ, അവരെ അങ്ങനെ കയറ്റാനാകില്ലെന്ന് തോന്നി. അതുകൊണ്ടാണ് കുനിഞ്ഞ് കിടന്നത്. പക്ഷേ അതിങ്ങനെ ഇത്രമാത്രം ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയതേയില്ല.’- ജെയ്സല്‍ പറയുന്നു.
ട്രോമ കെയര്‍ യൂണിറ്റ് അംഗമാണ് ജെയ്സല്‍. മലപ്പുറത്തെ രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തൃശൂര്‍, മാള മേഖലകളിലും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. താനൂരില്‍ നിന്ന് ഇരുപതിലധികം പേരുടെ കൂടെയാണ് ജെയ്സല്‍ തിരിച്ചത്. തുടര്‍ന്നും രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം കിട്ടിയാല്‍ സഹകരിക്കുമെന്നും ജെയ്സല്‍ അറിയിച്ചു. മരണം മുന്നില്‍കണ്ടവരെ സ്വന്തം ഉമ്മയായും പെങ്ങന്മാരായും കണ്ടാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയതെന്നും ജയ്‌സല്‍ പറയുന്നു.