സ്വന്തം ലേഖകൻ
തൃശൂർ: കോളിളക്കം സൃഷ്ടിക്കുകയാണ് തൃശൂർ-മണ്ണൂത്തി ബൈപാസ് ജംഗ്ഷനിലെ ജയൻ ബസ് സ്റ്റോപ്പ്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ തൃശൂരിൽ പണിതീർത്തിരിക്കുന്ന ജയൻ ബസ് സ്റ്റോപ്പ് കാണാൻ വന്നുകൊണ്ടിരിക്കുകയാണ്.
ഓൾ കേരള ജയൻ മെമ്മോറിയൽ സാംസ്കാരിക വേദിയാണ് ജയൻ സിനിമാ ചരിത്രങ്ങളുടെ ആർട് ഗാലറിയോടു കൂടി ജയതാരകം എന്ന ബസ് സ്റ്റോപ്പ് ഒരുക്കിയത്.
ജയൻ അഭിനയിച്ച് പൂർത്തിയാക്കി റീലിസ് ചെയ്ത 116 ചിത്രങ്ങളുടേയും റിലീസ് ചെയ്യാതെപോയ മൂന്നു ചിത്രങ്ങളുടേയുമടക്കം 119 സിനിമകളുടെ ഫോട്ടോകൾ ഈ ബസ് സ്റ്റോപ്പിലുണ്ട്.
ജയൻ മരിക്കുന്ന സമയത്ത് അഭിനയിച്ചുകൊണ്ടിരുന്ന സിനിമകളുടെ വിശേഷങ്ങളും ജയന്റെ ജീവിതചരിത്രത്തോടൊപ്പം ജയതാരകം സ്റ്റോപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിലെവിടെയും ഇതുപോലൊരു ജയൻ ആർട് ഗാലറിയോ ബസ് സ്റ്റോപ്പോ ഇല്ല.
ജയന്റെ സ്മാരകമായിരുന്ന കൊല്ലത്തെ വീട് ഇടിച്ചുപൊളിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ആർട് ഗാലറി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് വേണമെന്ന് തങ്ങൾക്ക് തോന്നിയതെന്ന് ഓൾ കേരള ജയൻ മെമ്മോറിയൽ സാംസ്കാരിക വേദി പ്രവർത്തകർ പറയുന്നു.
രണ്ടര ലക്ഷത്തിനു മുകളിൽ ചിലവു വന്നു ജയന്റെ ജീവചരിത്രവും ചിത്രങ്ങളും ഉൾപ്പെടുത്തി ഇത്തരമൊരു സ്റ്റോപ്പ് സജ്ജമാക്കാൻ.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ജയനെ സ്നേഹിക്കുന്നവരും ജയന്റെ ചിത്രങ്ങളും വിവരങ്ങളും കൈവശമുളളവരും ഈ സ്റ്റോപ്പ് നിർമാണത്തിൽ തങ്ങൾക്ക് പിന്തുണയും സഹായവും പ്രോത്സാഹനവുമായി കൂടെ നിന്നുവെന്നും അണിയറ പ്രവർത്തകർ ഓർക്കുന്നു.
ഒറിജനൽ ഫോട്ടോകളിൽ എഴുപത്തിയഞ്ചോളം ഫോട്ടോകൾ റീക്രിയേറ്റ് ചെയ്യേണ്ടി വന്നു. 2020ൽ ജയന്റെ ജീവിതവും സിനിമയും കോർത്തിണക്കി ചിത്രങ്ങളടക്കം പുറത്തിറക്കിയ പുസ്തകത്തിലേക്ക് വേണ്ടിയായിരുന്നു ഇത്.
ആ ഫോട്ടോകളെല്ലാം ബസ് സ്്റ്റോപ്പിന് അലങ്കാരമായി മാറി.കേട്ടറിഞ്ഞും പറഞ്ഞറിഞ്ഞും കേരളത്തിന്റെ പല ഭാഗത്തു നിന്നും ജയൻ ആരാധർ ജയതാരകം ബസ് സ്റ്റോപ്പ് കാണാനെത്തുന്നുണ്ട്.
ജയൻ എന്ന നടന്റെ ഒരു വിക്കിപീഡിയ തന്നെയാണ് ഈ ബസ് സ്റ്റോപ്പ്. ഇതിനു മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നവരേറെയാണ്.