മുംബൈ: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ടിൽ പൊട്ടലുണ്ടാക്കിയതിന് കാരണം ഞണ്ടുകളാണെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്. രത്നഗിരി ജില്ലയിലുള്ള തിവാരി അണക്കെട്ടിൽ വിള്ളലുണ്ടായതിനെ തുടർന്ന് ഡാം തകർന്ന് 14 പേർ മരിച്ചിരുന്നു. ഈ അണക്കെട്ടിന് ചുറ്റും വളരെയധികം ഞണ്ടുകളുണ്ടെന്നും അവ കാരണമാണ് അണക്കെട്ടിൽ ചോർച്ചയുണ്ടായതെന്നുമാണ് മന്ത്രിയുടെ കണ്ടെത്തൽ.
നേരത്തെ ഇവിടെ ചോർച്ചകളൊന്നും ഉണ്ടായിരുന്നില്ല. ഞണ്ടുകളുടെ കേന്ദ്രമായി മാറിയതിന് ശേഷമാണ് അണക്കെട്ടിൽ ചോർച്ചയുണ്ടായത്. നാട്ടുകാർ ഇക്കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയും വകുപ്പ് നടപടിയെടുക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ നടന്ന സംഭവം ദൗർഭാഗ്യകരമാണെന്നും സാവന്ത് പറഞ്ഞു.നിർമാണം മോശമായതിനെ തുടർന്നാണോ അപകടമുണ്ടായതെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ സമീപവാസികളിൽ നിന്ന് തനിക്ക് അങ്ങനൊരു വിവരം കിട്ടിയിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇതിനിടെ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 12 ഓളം വീടുകളാണ് അപകടത്തിൽ ഒലിച്ചു പോയത്.