പുളിക്കീഴ്: പുളിക്കീഴിൽ വീണ്ടും കരിന്പുകൃഷിയുടെ മധുരം. ഒരുകാലത്ത് കരിന്പുകൃഷിയുടെ ഈറ്റില്ലമായിരുന്നു പുളിക്കീഴ്. 1960, 1970 കാലഘട്ടങ്ങളിൽപന്പാ ഷുഗർ മില്ലിലേക്ക് 1500 ഓളം ടണ് കരിന്പ് വരെ ഇവിടെ നിന്ന് നൽകിയിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ച ഏക കരിന്പുത്പന്നമായിരുന്നു തിരുവിതാകൂർ ശർക്കര. ഇതിന്റെ മുഖ്യ അസംസ്കൃതവസ്തുവായിരുന്നു ഈ കരിന്പ്. കാലംമാറിയതോടെ നാടിന്റെ കരിന്പ് കാർഷിക പാരന്പര്യം നഷ്ടപ്പെട്ടു. കരിന്പ് കൃഷിയും, കർഷകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു വന്നു.
ഷുഗർ ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. കരിന്പ് കൃഷിയെ പുനരുജ്ജീവിപ്പിക്കാനും, പുളിക്കീഴിനെ പഴയകാല പ്രൗഢിയോടെ തിരിച്ച് കൊണ്ടുവരാനും ആവിഷ്കരിച്ച പദ്ധതിയാണ് മധുരിമ.
കുറ്റൂർ, നെടുന്പ്രം, കടപ്ര എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കടപ്ര പഞ്ചായത്തിൽ ആദ്യപടിയെന്നോണം നിർമാണ യൂണിറ്റ് ആരംഭിച്ചു കഴിഞ്ഞു. പരന്പരാഗത രീതിയിൽ തിരുവിതാകൂർ ശർക്കര ഉത്പാദിപ്പിക്കുകയെന്നതാണ് മധുരിമ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ബ്ലോക്ക് പഞ്ചായത്തിന്റെയും, സംസ്ഥാന സർക്കാരിന്േറയും സംയുക്ത സഹകരണത്തിൽ ഒരു കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതിൽ 95,00,000 രൂപ സംസ്ഥാന സർക്കാരും, അഞ്ച് ലക്ഷം ബ്ലോക്ക് പഞ്ചായത്തും പദ്ധതി വിഹിതമായി നൽകും.
കരിന്പ് കൃഷിയിൽ താത്പര്യമുള്ള കർഷകർക്ക് നിലം ഒരുക്കുന്നതിനും ഉത്പാദനത്തിനും സബ്സിഡി നൽകുക, ഉത്പന്നം സംഭരിച്ച് ന്യായമായ തുക നൽകുക, 60 ഹെക്ടറിൽ കരിന്പ് കൃഷി പുനരുജ്ജീവിപ്പിക്കുക, തൊഴിലവസരം മെച്ചപ്പെടുത്തുക, കുടുംബശ്രീ അംഗങ്ങൾക്ക് ഇക്കോഷോപ്പിന് സഹായം നൽകുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. കൂടാതെ, പുളിക്കീഴ് ബ്ലോക്ക് നിവാസിയായ അലക്സാണ്ടർ നൽകിയ സ്ഥലത്ത് ശർക്കര നിർമാണ യൂണിറ്റ് സ്ഥാപിക്കുകയും, പുളിക്കീഴ് മധുരിമ എന്ന പേരിൽ ശർക്കര ഉത്പാദിപ്പിച്ച് വിതരണം ചെയ്യുകയുമാണ് പദ്ധതി.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, വൈസ് പ്രസിഡന്റ് സുമ ചെറിയാൻ, അഗ്രികൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടർ ജോയിസി.കെ.കോശി എന്നിവരാണ് പദ്ധതിയുടെ മോണിറ്ററിംഗ് അംഗങ്ങൾ.