പറവൂർ: കെഎസ്ആർടിസി ബസിൽനിന്ന് ഗണപതി വിഗ്രഹം കണ്ടെത്തി. ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസിൽനിന്നാണ് 6.900 കിലോഗ്രാം തൂക്കവും ഒരടി ഉയരമുള്ള ഓടിന്റെ ഗണപതി വിഗ്രഹം കണ്ടെത്തിയത്.
ബസ് കൊടുങ്ങല്ലൂരിൽ എത്തിയപ്പോഴാണു സീറ്റിന്റെ അടിയിൽ വിഗ്രഹം കിടക്കുന്നതു കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. മറ്റൊന്നിലും പൊതിയാതെയാണു വിഗ്രഹം വച്ചിരുന്നത്.
ഉടമസ്ഥൻ ഉണ്ടോയെന്നു ബസിൽ തിരക്കിയെങ്കിലും ഇല്ലായിരുന്നു. തുടർന്നു പറവൂർ ഡിപ്പോയിൽ എത്തിയപ്പോൾ കണ്ടക്ടർ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പോലീസെത്തി വിഗ്രഹം സ്റ്റേഷനിലേക്കു കൊണ്ടുപോയി.