ചെങ്ങന്നൂർ: പന്പാനദി ചെങ്ങന്നൂരിനെ വിഴുങ്ങിയപ്പോൾ പ്രയാർ ജെബിഎസ് സ്കൂളിനെ മാത്രം തൊട്ടില്ല. പന്പാനദിയുടെ തീരത്തുനിന്നും ഇരുപത് മീറ്റർ മാത്രം അകലെയാണ് പ്രയാർ ജെബിഎസ് സ്കൂളും ഇതിൽ പ്രവർത്തിക്കുന്ന നൂറ്റിപ്പതിനാലാം നന്പർ അംഗൻവാടി കെട്ടിടവും. ഇതിന്റെ മുൻ ഭാഗവും പിൻ ഭാഗവും ആറടി ഉയരത്തിൽ വെള്ളം പൊങ്ങിയപ്പോൾ ഈ കെട്ടിടത്തിൽ മാത്രം വെള്ളം കയറിയില്ലെന്നുള്ളത് നാട്ടുകാരെ മുഴുവൻ അത്ഭുതപ്പെടുത്തുന്നത്.
ഈ പ്രദേശത്തിലെ മുഴുവൻ വീടുകളും ജെറുസലോം മർത്തോമാ പള്ളിയും വെള്ളത്തിൽ മുങ്ങിയപ്പോഴും ഈ കെട്ടിടത്തിന്റെ രണ്ടാംപടി വരെ വെള്ളം വന്നു നിന്നു. ഇതിനു സമീപത്ത് താമസിക്കുന്ന അഞ്ചുകുടുംബങ്ങളിലെ പതിനഞ്ച് അംഗങ്ങളും ഈ കെട്ടിടത്തിലാണ് വെള്ളപ്പൊക്ക ഭീകരതയുടെ എട്ടു ദിനങ്ങൾ കഴിഞ്ഞു കൂട്ടിയത്.
ഇതിന്റെ സമീപത്ത് പുതുതായി നിർമിച്ച മിത്രമഠം പാലത്തിന്റെ മുകൾഭാഗം വരെ വെള്ളം ഉയർന്നിരുന്നു. വെള്ളപ്പൊക്കത്തിന്റെ ആദ്യ രണ്ടുദിനങ്ങളിലും ബോട്ടോ മറ്റുരക്ഷാ സംവിധാനങ്ങളും ഇവിടെ എത്തിയിരുന്നില്ല. മൂന്നാം ദിവസം ഒരു ബോട്ടിൽ രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ആരും തന്നെ ഈ സ്കൂളിൽ നിന്നും പോകാൻ തയാറായില്ല.
കാരണം അത്രമാത്രം വിശ്വാസമായിരുന്നു ഈ കെട്ടിടത്തിൽ താമസിച്ചവർക്ക്. 99-ലെ വെള്ളപ്പൊക്കത്തിലും ഈ സ്കൂൾ കെട്ടിടത്തിൽ വെള്ളം കയറിയിരുന്നില്ല എന്നതാണ് ഇവിടെ താമസിച്ചിരുന്നവരുടെ ആത്മവിശ്വാസത്തിന്റെ ആധാരം.
വീടുകൾ വാസയോഗ്യമാകാത്തതുമൂലം മാവിലത്ത് വിനിൽ ഭവനത്തിൽ വിജയൻ പിള്ളയുടേയും ,ചേന്പലത്തറ മായാരാജേഷിന്റെ കുടുബവും, കണ്ണങ്കര ജോസിന്റെ കുടുബവും ഈ കെട്ടിടത്തിലാണ് താമസിക്കുന്നത്. പന്പാനദി ഇന്നും വീറോടെ ഒഴുകുന്പോൾ തലയുയർത്തി നിൽക്കുകയാണ് പാണ്ടനാട് പഞ്ചായത്തിലെ ജെബിഎസ് പ്രയാർ സ്കൂൾ കെട്ടിടം.