കോട്ടയം: മലയാള സിനിമയുടെ പിതാവെന്നറിയപ്പെടുന്ന ജെ.സി. ഡാനിയേലിന്റെ സ്മരണയ്ക്കായി നിർമിച്ച അദ്ദേഹത്തിന്റെ പൂർണകായ പ്രതിമ സ്ഥാപിക്കുവാൻ മകൻ സ്ഥലം തേടുന്നു. പിതാവിന്റെ സ്മാരകം നിർമിക്കാൻ സർക്കാരുകളിൽ സമ്മർദം ചെലുത്തിയിട്ടും നടപടിയുണ്ടാകാതിരുന്നതിനെത്തുടർന്നാണു മകൻ ഹാരിസ് ഡാനിയേലിന്റെ നേതൃത്വത്തിൽ പ്രതിമ നിർമിച്ചത്.
ശില്പനിർമാണം പൂർത്തിയായെങ്കിലും അദ്ദേഹത്തിന്റെ കുടുംബവീടു സ്ഥിതി ചെയ്തിരുന്ന കോട്ടയത്തോ അദ്ദേഹത്തിന്റെ ബാല്യകാലം ചെലവഴിച്ച തിരുവനന്തപുരത്തോ സ്ഥാപിക്കണമെന്നാണ് ആഗ്രഹമെന്നു ജെ.സി. ഡാനിയേലിന്റെ ആറാമത്തെ മകനും ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ചെയർമാനുമായ ഹാരിസ് ഡാനിയേൽ പറഞ്ഞു.
കോട്ടയം ആസ്ഥാനമായുള്ള ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ മുൻകൈയെടുത്താണ് ശില്പനിർമാണം പൂർത്തിയാക്കിയത്. കോട്ടയം കാരാപ്പുഴ സ്വദേശി ആർട്ടിസ്റ്റ് ഷാജി വാസൻ മൂന്നു മാസത്തെ ശ്രമഫലമായാണു പൂർണകായ പ്രതിമ നിർമിച്ചത്. പീഠം ഉൾപ്പെടെ ഒന്പത് അടി ഉയരം വരും. സിമന്റും മറ്റ് അസംസ്കൃത വസ്തുക്കളും ചേർത്താണു പ്രതിമ നിർമിച്ചത്.
ജെ.സി .ഡാനിയേലിന്റെ യൗവനകാലത്തെ ഉചിതമായ ചിത്രങ്ങൾ ലഭിച്ചതിൽ മകൻ ഹാരിസിന് ഇഷ്ടപ്പെട്ട ചിത്രം പ്രതിമ നിർമിക്കുവാൻ തെരഞ്ഞെടുക്കുകയായിരുന്നു. യൗവനകാലത്തെ അനുസ്മരിപ്പിക്കും വിധം പീഠത്തിൽ ഇരിക്കുന്ന രീതിയിലാണു ശില്പം തയാറാക്കിയതെന്നു ശില്പി ഷാജി വാസൻ പറഞ്ഞു.
കോട്ടയം നഗരപരിസരത്ത് പ്രതിമ സ്ഥാപിക്കാനാണു താത്പര്യമെന്നു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ബി. അനസും പറഞ്ഞു. പ്രതിമ സ്ഥാപിക്കുവാൻ ഉചിതമായ സ്ഥലം ഇതുവരെ ലഭിച്ചിട്ടില്ലെന്നും എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. ജോർജ്, മാണി സി. കാപ്പൻ എന്നിവർ സ്ഥലം കണ്ടെത്തി നൽകുന്നതിനു പരിശ്രമിക്കുന്നുണ്ടെന്നും അനസ് പറഞ്ഞു.
പള്ളിക്കത്തോട് കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിസ്റ്റ്യൂട്ട്, തിരുനക്കര മൈതാനം, നാഗന്പടം മുനിസിപ്പൽ പാർക്ക് എന്നിവിടങ്ങളിൽ സ്ഥാപിക്കുന്നതിന് അനുമതി ലഭിച്ചാൽ സ്ഥാപിക്കുമെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. ജെ.സി. ഡാനിയേൽ മീഡിയ സെന്ററിന്റെ നേതൃത്വത്തിൽ ഇന്നുച്ചകഴിഞ്ഞു രണ്ടിനു കോട്ടയം സുവർണ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പി.സി. ജോർജ് എംഎൽഎ ഡാനിയേലിന്റെ പ്രതിമ അനാഛാദനം ചെയ്യും.
ജസ്റ്റീസ് കെ.ടി. തോമസ് അധ്യക്ഷതവഹിക്കും. ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ചെയർമാൻ ഹാരിഷ് ഡാനിയേൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അനസ് ബി. മുഖ്യപ്രഭാഷണം നടത്തും. പ്രഫ. മാടവന ബാലകൃഷ്ണപിള്ള, എം.എം. ബാലചന്ദ്രൻ, ഡയറക്ടർ ജോഷി മാത്യു, ജോസ് ഫ്രാൻസിസ് എന്നിവർ പങ്കെടുക്കും.
ഫൗണ്ടേഷൻ അഡ്മിനിസ്ട്രേറ്റർ സോന എസ്. നായരുടെ നേതൃത്വത്തിൽ സുവർണ ഓഡിറ്റോറിയത്തിൽനിന്നും വൈകുന്നേരം അഞ്ചിനു ശില്പവുമായുള്ള റോഡ് ഷോ ആരംഭിക്കും. റോഡ് ഷോയ്ക്കു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വീകരണം നൽകുമെന്നു ഹാരിസ് ഡാനിയേൽ, ഭാര്യ സുശീല റാണി ഡാനിയേൽ, അനസ് ബി, സോന എസ്. നായർ, ജോസ് ഫ്രാൻസിസ് എന്നിവർ പറഞ്ഞു.