സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര : മലയാള സിനിമയുടെ പിതാവ് ജെ.സി ഡാനിയലിന്റെ കര്മദേശത്ത് തിയറ്ററുകളില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാനത്തെ തിയറ്ററുകള്‍ ഇന്ന് തുറക്കുന്പോള്‍ നെയ്യാറ്റിന്‍കര നിവാസികള്‍ക്ക് സിനിമ കാണാന്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്യണം.
ആദ്യ മലയാള സിനിമയായ വിഗതകുമാരന്റെ സംവിധായകന് ജെ.സി ഡാനിയലിന്റെ കര്മദേശമെന്ന നിലയില്‍ നെയ്യാറ്റിന്‍കരയ്ക്ക് ചലച്ചിത്ര ചരിത്ര ഭൂപടത്തില്‍ പ്രത്യേക ഇടമുണ്ട്.
നെയ്യാറ്റിന്‍കരയില്‍ അദ്ദേഹം ദന്താശുപത്രി നടത്തിയിരുന്നതായി ചരിത്രസാക്ഷ്യം. നെയ്യാറ്റിന്‍കര ഉള്‍പ്പെട്ട പഴയ തെക്കന്‍ തിരുവിതാംകൂറിലെ മണ്ണ് വിറ്റാണ് വിഗതകുമാരന് എന്ന സിനിമ അദ്ദേഹം പൂര്‍ത്തിയാക്കിയത്.
എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിയറ്ററുകളേയില്ല. ടൗണിലും ആലുംമൂട് ജംഗ്ഷനിലും ടി ബി ജംഗ്ഷനിലുമായി ഏറ്റവും ഒടുവില്‍ മൂന്നു തിയറ്ററുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ക്രമേണ ഓരോന്നായി അടച്ചുപൂട്ടി.
ടി ബി ജംഗ്ഷനിലെ തിയറ്റര്‍ മാത്രം തിയറ്ററായി അവശേഷിക്കുന്നുവെങ്കിലും പ്രദര്‍ശനം ഓര്മ മാത്രം. നെയ്യാറ്റിന്‍കര അക്ഷയ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകള്‍നിലയില്‍ തിയറ്റര്‍ കോംപ്ലക്സ് എന്ന ആശയം പരിഗണിക്കപ്പെട്ടപ്പോള്‍ സുരക്ഷ കാരണങ്ങളാല്‍ അത് യാഥാര്‍ഥ്യമായില്ല.
ആറാലുംമൂട് ചന്തയോട് ചേര്‍ന്ന് തിയറ്റര്‍ കോംപ്ലക്സ് വരുമെന്നത് വാഗ്ദാനമായി ഇപ്പോഴും നിലകൊള്ളുന്നു. നെയ്യാറ്റിന്‍കരയിലെ തിയറ്ററുകളോട് പൊരുത്തപ്പെടാതെ വന്ന ചലച്ചിത്ര പ്രേക്ഷകര്‍ തിരുവനന്തപുരത്തോ കളിയിക്കാവിളയിലോ ചെന്ന് സിനിമ കണ്ടാസ്വദിച്ചു.
പുത്തന്‍ സിനിമകള്‍ നെയ്യാറ്റിന്‍കരയില്‍ വരാന്‍ കാലതാമസമെടുക്കുന്നുവെന്നതും ചലച്ചിത്രപ്രേമികളെ മറ്റിടങ്ങള്‍ ആശ്രയിക്കാന്‍ പ്രേരിപ്പിച്ചു.