കൊക്കയിലേക്കു മറിയാന്‍ തുടങ്ങിയ ബസ് മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റുകൊണ്ട് പിടിച്ചുനിര്‍ത്തി മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ബസ് യാത്രക്കാരുടെ ജീവന് രക്ഷിച്ചു. തോണ്ടിമലയ്ക്കുസമീപം തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് വക ബസാണ് അപകടത്തില്‍പെട്ടത്. അപകടകരമായി ബസ് ഓടിച്ച ഡ്രൈവര്‍ കാര്‍ത്തികേയനെ ശാന്തന്‍പാറ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം നാലരയോടെയാണു സംഭവം. തോണ്ടിമലയ്ക്കു സമീപം ഇറച്ചിപ്പാറയിലെത്തിയപ്പോള് റോഡില്‍ ഹൈവേയുടെ ജോലികള്‍ നടക്കുന്നതിനാല്‍ വലതുവശംചേര്ത്ത് കടന്നുപോരാന്‍ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്കു ചെരിയാന്‍ തുടങ്ങി.
ഹൈവേയുടെ പണികളില്‍ ഏര്‍പ്പെട്ടിരുന്ന എറണാകുളം ഗ്രീന്‍എര്‍ത്ത് മൂവേഴ്സിന്റെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ രതീഷ് അപകടം മനസലാക്കി അതിവേഗം യന്ത്രത്തിന്റെ മുന്നിലെ ബക്കറ്റ് ഉയര്‍ത്തി ബസിന്റെ മുകള്‍ഭാഗത്ത് പിടിച്ച് ബസ് മറിയാതെ തടഞ്ഞു നിര്‍ത്തി. വാഹനത്തിലുണ്ടായിരുന്ന എണ്‍പതോളം യാത്രക്കാര്‍ ഈസമയം പുറത്തിറങ്ങി രക്ഷപെട്ടു.
ഒരുമണിക്കൂറോളം ബസിനെ താങ്ങിനിര്‍ത്തിയ ശേഷം മറ്റു വാഹനങ്ങളുടെകൂടി സഹായത്തോടയാണു അപകടാവസ്ഥയില്‍നിന്നും ബസ് നീക്കിയത്. സംഭവമറിഞ്ഞെത്തിയ എസ്ഐ ബി.വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡ്രൈവറെയും ബസും കസ്റ്റഡിയിലെടുത്തു. ഇറച്ചിപ്പാറ എത്തുന്നതിനു മുന്‍പായി തൊഴിലാളികളുമായി പോകുകയായിരുന്ന രണ്ടു ജീപ്പുകളില്‍ ബസ് ഇടിച്ചതായി യാത്രക്കാര്‍ പറയുന്നു. ബസ് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്നും പറയുന്നു.