ആ മനസാന്നിധ്യത്തെ അഭിനന്ദിക്കുന്നു! എണ്‍പതോളം ആളുകളുടെ ജീവന്‍ താങ്ങിനിര്‍ത്തിയ കപിലിന് അഭിനന്ദനവുമായി ജെസിബി കമ്പനി; ട്വീറ്റ് വൈറല്‍

വാഹനങ്ങള്‍ നിത്യജീവിതത്തില്‍ ഉപകാരപ്രദമാണെങ്കിലും പലപ്പോഴും അവ ജീവന് ഭീഷണിയാവുകയും ചെയ്യാറുണ്ട്. എന്നാല്‍ ജീവനെ താങ്ങി നിര്‍ത്താനും ജീവന് സംരക്ഷണം നല്‍കാനും വാഹനങ്ങള്‍ ഉപയോഗപ്പെടും എന്നതിന് തെളിവായ സംഭവമാണ് കൊക്കയിലേക്ക് മറിയാന്‍ തുടങ്ങിയ ബസിനെയും അതിലുണ്ടായിരുന്ന യാത്രക്കാരെയും ജെസിബി ഉപയോഗിച്ച് താങ്ങി നിര്‍ത്തി, എല്ലാവരെയും രക്ഷിച്ചത്.

കപില്‍ എന്ന ചെറുപ്പക്കാരനാണ് ഇത്തരത്തില്‍ അതിസാഹസികമായ ആ രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇപ്പോഴിതാ എണ്‍പതോളം യാത്രക്കാരെ രക്ഷിച്ച ചെറുപ്പക്കാരനെ അഭിനന്ദിച്ച് ജെസിബി കമ്പനി തന്നെ രംഗത്തെത്തിയിരിക്കുന്നു. എണ്‍പതോളം യാത്രക്കാരുമായി കൊക്കയിലേക്കു മറിയാന്‍ തുടങ്ങിയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസിനെയാണ് മണ്ണുമാന്തി യന്ത്രക്കൈ കൊണ്ട് ഒരു മണിക്കൂറോളം കപില്‍ എന്ന ജെസിബി ഡ്രൈവര്‍ താങ്ങിനിര്‍ത്തിയത്.

കപിലിന്റെ മനസാന്നിധ്യത്തെ അഭിനന്ദിച്ച് കൊണ്ടാണ് ജെസിബി കമ്പനി ട്വീറ്റ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ ലോകത്തിന്റെ ഒന്നടങ്കമുള്ള അഭിനന്ദനങ്ങള്‍ക്ക് പിന്നാലെയാണ് ഈ ചെറുപ്പക്കാരനെ തേടി കമ്പനി തന്നെ രംഗത്തെത്തിയത്. കഴിഞ്ഞ ബുധനാഴ്ച പൂപ്പാറയിലായിരുന്നു അപകടം. നിറയെ യാത്രക്കാരുമായി വന്ന ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് ചരിയുകയായിരുന്നു.

ഇതേസമയം സമീപത്തുണ്ടായിരുന്ന ജെസിബി ഡ്രൈവര്‍ കപില്‍ പ്രവര്‍ത്തിപ്പിച്ച് കൊണ്ടിരുന്ന യന്ത്രകൈ അതിവേഗം ബസിന് മുകളിലേക്ക് പിടിച്ച് ബസ് കൊക്കിയലേക്ക് മറിയുന്നത് തടഞ്ഞു. തുടര്‍ന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്നു.

Related posts