ദൈവത്തിന്റെ കരം രക്ഷയ്ക്കായി ഏത് രൂപത്തിലാവും വരിക, അല്ലെങ്കില്‍ ആവശ്യഘട്ടത്തില്‍ നമുക്ക് മുന്നില്‍ അവതരിക്കുക എന്നത് ആര്‍ക്കുമറിയില്ല. സമാനമായ രീതിയില്‍ ദൈവത്തിന്റെ കരം ജെസിബിയുടെ രൂപത്തില്‍ അവതരിച്ച് എണ്‍പതോളം ആളുകള്‍ക്ക് രക്ഷയായ സംഭവമാണ് ഇക്കഴിഞ്ഞ ദിവസം കേരളം കേട്ടത്.
എണ്‍പതോളം യാത്രക്കാരുമായി കൊക്കയിലേക്കു മറിയാന്‍ തുടങ്ങിയ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസിനെ മണ്ണുമാന്തി യന്ത്രക്കൈ കൊണ്ട് ഒരു മണിക്കൂറോളം പിടിച്ചുനിര്‍ത്തിയ അദ്ഭുതത്തിന്റെ കാര്യമാണ് സൂചിപ്പിച്ചത്.
ഈ സാഹസികപ്രവര്ത്തികൊണ്ട് എണ്‍പതോളം ആളുകളുടെ ജീവിതം രക്ഷിച്ച ജെസിബി ഡ്രൈവറായ കപിലിന്റെ ധീരതയെ അഭിനന്ദനം കൊണ്ട് മൂടുകയാണിപ്പോള്‍ സോഷ്യല്‍ ലോകം. ആദ്യം പകച്ചുപോയെങ്കിലും പിന്നീട് ധൈര്യം വീണ്ടെടുത്ത് കപില്‍ ചെയ്ത വലിയ പ്രവര്‍ത്തിയെക്കുറിച്ച് സംഭവത്തിന് സാക്ഷിയായ വ്യക്തി ഫേസ്ബുക്കിലൂടെ അറിയിച്ചപ്പോഴാണ് സംഭവിച്ചതിനെക്കുറിച്ചും ജെസിബി ഡ്രൈവറുടെ വീരോചിതമായ പ്രവര്‍ത്തിയെക്കുറിച്ചും പുറംലോകം അറിയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
അപ്പോള്‍ സമയം 4 മണിയോട് അടുത്തിരുന്നു, എങ്കിലും പതിവിലും കടുപ്പം ഏറിയ ഉച്ചവെയില്‍ മടങ്ങാന്‍ കൂട്ടാക്കിയിരുന്നില്ല. ആ വെയിലിലും യന്ത്രത്തില്‍നിന്നും വേര്‍പെട്ട ടണ്‍ കണക്കിന് ഭാരമുള്ള ചെയിന്‍ തിരികെപിടിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അവര്‍. വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ് കാണുന്നതിന് മുന്‍പേ അതില്‍ നിന്നുള്ള നിലവിളി ഇവരുടെ കാതുകളില്‍ എത്തി.
തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂര്‍ണ്ണമായും തെറ്റായ വശംചേര്‍ന്ന് വന്ന ബസ് വലിയ ശബ്ദത്തോടെ നിന്നു. വലതു വശത്തെ ചക്രങ്ങള്‍ റോഡില്‍ നിന്നു വളരെ അധികം പുറത്തു പോയതിനാല്‍ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങള്‍ റോഡില്‍ ഉരഞ്ഞതിനാലാണ് വന്‍ ശബ്ദത്തോടെ വണ്ടിനിന്നത്. അപ്പോഴേക്കും വണ്ടിക്കുള്ളില്‍നിന്നും പുറത്തേക്കുവന്ന കൂട്ടനിലവിളിയും, ആര്ത്ത നാദവും പരിസരത്തെ പ്രകമ്പനം കൊള്ളിക്കുമാറാക്കി..
വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തില്‍ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്. എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപില്‍ ആത്മധൈര്യം വീണ്ടെടുത്തു തന്റെ മെഷീനിലേക്ക് ചാടികയറി, വേഗത്തില്‍ സ്റ്റാര്‍ട്ട് ആക്കി. ചെയിന്‍ വലിച്ചു നിറുത്തിയിരുന്ന യന്ത്രകൈ അതില്‍ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീന് ചലിപ്പിച്ചു.
ഒരു ഭാഗത്തു ചെയിന്‍ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ടു തന്നെ തന്റെയോ മെഷീന്‍ന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂര്‍ണ്ണമായും ചരിഞ്ഞ ബസ് യന്ത്രകൈയ്യില്‍ കോരി എടുത്തു. ഏറക്കുറെ പൂര്‍ണ്ണമായും നിവര്‍ത്തി ബസില്‍ നിന്നും പുറത്തിറങ്ങിയ യാത്രക്കാരില്‍ പലരും കണ്ണീര് അടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു. പലരും കണ്ണീര്‍ഉണങ്ങാത്ത സ്നേഹചുംബനം നല്കി കപിലിനോട് നന്ദി അറിയിച്ചു.
ഇന്നത്തെ പ്രഭാതം കറുപ്പിന്റേതു ആകുമായിരുന്നു. പത്രങ്ങളുടെ മുന്പിലെ രണ്ടുപേജുകള്‍ ഫോട്ടോ അച്ചടിക്കാന്‍ അടിക്കാന്‍ തികയാതെ വരുമായിരുന്നു. ചാനലുകള്‍ പതിവ് ചര്‍ച്ചകള്‍ മാറ്റിവയ്ക്കുമായിരുന്നു. ആശുപത്രിയില്‍ നിന്നു ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കി നാനാ ദിക്കുകളിലേക്കു പായുമായിരുന്നു. ദൈവം അയച്ച ഒരു ദൂതന് അവിടെ ഇല്ലായിരുന്നുഎങ്കില്‍.
ഒരു ഫോട്ടോ ഞാന്‍ ചോദിച്ചപ്പോള്‍ തന്റെ പ്രൊഫൈല്‍ ഫോട്ടോ പോലും മാറ്റിയ, പ്രവര്‍ത്തിയില്‍ മാത്രം വിശ്വസിക്കുന്ന ശ്രീ കപില്‍. തന്നില്‍ അര്‍പ്പിതമായ കടമ ആണെന്ന് പറയുന്ന ശ്രീ കപിലിനു ഹൃദയത്തില്‍നിന്നു നുള്ളി എടുത്ത റോസാപ്പൂക്കള്‍ സ്നേഹം എന്ന ചരടില്‍ കോര്‍ത്ത് നമുക്ക് അണിയിക്കാം. ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.