പുതുക്കാട് : വെണ്ടോരിൽ അനധികൃതമായി മണ്ണെടുത്ത് കടത്തുകയായിരുന്ന ജെസിബിയും ടിപ്പർ ലോറിയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നു രാവിലെ ആറു മണിയോടെയാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. സെന്റ് ജോർജ്ജ് കപ്പേളയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പറന്പിൽ നിന്നുമാണ് അനധികൃതമായി മണ്ണെടുപ്പ് നടന്നിരുന്നത്.
പുതുക്കാട് മേഖലയിൽ അനധികൃതമായി വ്യാപകമായി മണ്ണെടുപ്പ് നടന്നുവന്നിരുന്നു. മേഖലയിലെ സംരക്ഷിത തണ്ണീർത്തടമായ കോന്തിപുലം പാടശേഖരം,തലോർ കായൽ തോട്, നന്തിക്കര പാടം എന്നിവിടങ്ങളിലുള്ള പാടശേഖരങ്ങൾ വ്യാപകമായി മണ്ണിട്ട് നികത്തുന്നുണ്ട്.
പുതുക്കാട് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുന്നുകൾ ഇടിച്ചു നിരത്തുന്ന മണ്ണാണ് പാടശേഖരങ്ങൾ നികത്താൻ ഉപയോഗിക്കുന്നത്.അർധരാത്രി മുതൽ പുലർച്ചെ വരെയാണ് മണ്ണെടുപ്പ് നടക്കുന്നത്. അനധികൃത മണ്ണെടുപ്പും തണ്ണീർത്തടങ്ങൾ നികത്തലും വ്യാപകമായിട്ടും പോലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആക്ഷേപം ഉണ്ട്.
ഇതേ തുടർന്ന് മാധ്യമങ്ങളിൽ നിരന്തരമായി വാർത്തകൾ വന്നതോടെയാണ് പോലീസ് പെട്രോളിംഗ് ആരംഭിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് വെണ്ടോരിൽ നിന്നും വാഹനങ്ങൾ പിടികൂടിയത്. പിടികൂടിയ വാഹനങ്ങൾ ആർഡിഒയ്ക്ക് കൈമാറുമെന്ന് പുതുക്കാട് സിഐ എസ്.പി. സുധീരൻ അറിയിച്ചു.