മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ആലുവയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ജെസിബി തട്ടി; ജെസിബി ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

trian_jcb1ആലുവ: മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ജെസിബി ഓടിക്കൊണ്ടിരുന്ന കാരയ്ക്കല്‍ എക്‌സ്പ്രസ് ട്രെയിനില്‍ തട്ടി. ട്രെയിനിന്റെ ഏഴോളം ബോഗികള്‍ക്കു നേരിയതോതില്‍ കേടുപാടുകള്‍ സംഭവിച്ചു. ട്രെയിനില്‍ തട്ടിത്തെറിച്ച ജെസിബി വീണു റെയില്‍വേയുടെ വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ജെസിബി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ അര്‍ധരാത്രി 12 ഓടെയായിരുന്നു സംഭവം. ഭാഗ്യംകൊണ്ടാണു  വന്‍ അപകടം ഒഴിവായത്. സംഭവത്തെത്തുടര്‍ന്ന് ആലുവയില്‍ ട്രെയിന്‍ ഗതാഗതം മൂന്നു മണിക്കൂറോളം ഭാഗികമായി തടസപ്പെട്ടു. ആലുവ മുട്ടത്ത് മെട്രോ റെയില്‍ സ്‌റ്റേഷനുമായി ബന്ധപ്പെട്ട നിര്‍മാണത്തിന്റെ ഭാഗമായി റെയില്‍വേ ട്രാക്കിനു സമീപം മണ്ണ നീക്കുന്നതിനിടെ ജെസിബിയുടെ മണ്ണ് കോരുന്ന ഭാഗം അബദ്ധത്തില്‍ ട്രെയിനില്‍ തട്ടുകയായിരുന്നു.

ആലുവയില്‍നിന്നു വടക്കോട്ടുള്ള ട്രെയിന്‍ സര്‍വീസുകളാണു അപകടത്തെത്തുടര്‍ന്നു തടസപ്പെട്ടത്. റെയില്‍വേയുടെ ഉദ്യോഗസ്ഥരെത്തി പുലര്‍ച്ചെ മൂന്നോടെ തകരാര്‍ പരിഹരിച്ചു ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു. ട്രെയിന്‍ സര്‍വീസുകളെല്ലാം പൂര്‍വസ്ഥിതിയിലായിട്ടുണ്ടെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചു റെയില്‍വേ പ്രത്യേകമായി അന്വേഷിക്കും.

Related posts