നവാസ് മേത്തർ
തലശേരി: ഒന്നര പതിറ്റാണ്ടിലേറെ കാലം തലശേരി ജനത ഹൃദയത്തിലേറ്റിയ ടെലിച്ചറി ഫ്ലവർ ഷോയിലൂടെ ലഭിച്ച വരുമാനം കൊണ്ട് സ്വന്തം പേരിൽ ഷോപ്പിങ്ങ് സെന്ററിൽ മുറിയെടുത്ത് ജെസിഐ മുൻ നേതാക്കൾ.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി ചെലവഴിക്കേണ്ട പത്ത് ലക്ഷം രൂപ വക മാറ്റി സ്വന്തം പേരിൽ മുറിയെടുത്ത സംഭവത്തിലെ ഞെട്ടിക്കുന്ന വിവരം പുറത്താകുന്നത് സംഭവം നടന്ന് പത്ത് വർഷങ്ങൾക്ക് ശേഷമാണ്.
സംഘടനയുടെ മുൻ അന്തർദേശീയ വൈസ് പ്രസിഡന്റും ഷോപ്പിംഗ് മാൾ ഉടമയും ഉൾപ്പെടെ നാലു പേർക്കെതിരേ നിയമ നടപടിയുമായി ജെസിഐ അംഗങ്ങൾ തന്നെ രംഗത്തെത്തി.
ജെസിഐ യുടെ മുതിർന്ന മൂന്ന് നേതാക്കൾക്കും ഷോപ്പിംഗ് കോംപ്ലക്സ് ഉടമക്കും ജെസിഐ ടെലിച്ചെറിയുടെ നിലവിലുള്ള ഭാരവാഹികൾക്കും ഏഴ് പേരടങ്ങുന്ന ജെസിഐ പ്രവർത്തകർ വക്കീൽ നോട്ടീസ് അയച്ചു.
നികുതിയിളവിലൂടെ ലഭിച്ച തുക കൈകാര്യം ചെയ്യാൻ അധികാരപ്പെട്ടവരല്ല മൂന്ന് മുൻ നേതാക്കളെന്നും മൂന്ന് പേരും ഒരുമിച്ച് കുറ്റം ചെയ്തതായും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവകാശപ്പെട്ട തുക ഒരാഴ്ചക്കുള്ളിൽ സ്പെഷ്യൽ സ്കൂളിന് നൽകണമെന്നും അല്ലാത്ത പക്ഷം നിയമ നടപടി സ്വീകരിക്കുമെന്നും അഡ്വ. വിജേഷ് ബാബു മുഖാന്തിരം നൽകിയ നോട്ടീസിൽ പറയുന്നു.
ഫ്ളവർ ഷോയിൽ സംഭവിച്ചത്
2001 മുതൽ 2012 വരെ തലശേരിയിൽ നടന്ന ഫ്ലവർ ഷോയിലൂടെ ലഭിച്ച തുകയാണ് വക മാറ്റി നേതാക്കൾ സ്വന്തം പേരിൽ മുറിയെടുത്തത്.
തലശേരിയിൽ ഏറെ ആഘോഷമായി നടന്ന ഫ്ലവർഷോയിൽ സർക്കാർ നികുതി ഇളവ് അനുവദിച്ചിരുന്നു. ഫ്ലവർഷോയുടെ ലഭിക്കുന്ന വരുമാനം ധർമടത്ത് പ്രവർത്തിക്കുന്ന ജേസീസ് സ്പെഷ്യൽ സ്കൂളിലെ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുമെന്നായിരുന്നു ജെസിഐ ഭാരവാഹികൾ ഉറപ്പു നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നികുതി ഇളവ് അനുവദിച്ചത്.
ദുരൂഹത
2001 മുതൽ 2012 വരെ നികുതി ഇളവിലൂടെ ലഭിച്ച എട്ടേകാൽ ലക്ഷം രൂപയും ജെസിഐ അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത ഒന്നേ മുക്കാൽ ലക്ഷം രൂപയും ചേർത്താണ് എംജി റോഡിലെ ഷോപ്പിംഗ് കോംപ്ലക്സിൽ മുറിയെടുത്തത്. സംഘനയുടെ പേരിൽ മുറിയെടുക്കാതെ വ്യക്തികളുടെ പേരിൽ മുറിയെടുത്തത് ദുരൂഹത വർധിപ്പിച്ചു.
മുതിർന്ന നേതാക്കളെ ചോദ്യം ചെയ്യാൻ അംഗങ്ങൾക്ക് ഭയമായിരുന്നുവെന്നും അതുകൊണ്ട് മാത്രമാണ് പത്ത് ലക്ഷത്തിന്റെ തിരിമറി ഇതുവരെ പുറത്തു വരാതിരുന്നതെന്നും സംഘടനയിൽ നിലവിൽ അംഗങ്ങളല്ലാത്ത ഈ നേതാക്കൾ ജെസിഐ ഭാരവാഹികളുടെ യോഗങ്ങളിൽ പങ്കെടുക്കുകയും കാര്യങ്ങൾ നിയന്ത്രിക്കുക പതിവാണെന്നും ജെസിഐ പ്രവർത്തകർ രാഷ്ട്രദീപികയോട് പറഞ്ഞു.
1967 ൽ സ്ഥാപിച്ച ജെസിഐ ടെലി ച്ചറി പിളർന്ന് ഇപ്പോൾ മൂന്ന് സംഘടനകളായി മാറിയിട്ടുണ്ട്. അന്താരാഷട്ര വൈസ് പ്രസിഡന്റു കൂടിയായിരുന്ന വ്യക്തി ഉൾപ്പെടെയാണ് ഭിന്നശേഷി കുട്ടികളുടെ തുക ഉപയോഗിച്ച് സ്വന്തം പേരിൽ മുറിയെടുത്തിട്ടുള്ളത്.
ധർമടത്തെ ജേസീസ് സ്പെഷ്യൽ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോഴാണ് ഭിന്ന ശേഷിക്കാരുടെ ഉന്നമനത്തിനായുള്ള ഈ നേതാക്കൾ തട്ടിയെടുത്ത് സ്വന്തം പേരിൽ മുറിയെടുത്തത്.