ഗോഹട്ടി: മുപ്പതുവർഷം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചശേഷം 2016 സെപ്റ്റംബർ 30നു വിരമിച്ച സൈനികനോട് പൗരത്വം തെളിയിക്കാൻ ഫോറിനേഴ്സ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടതായി പരാതി.
ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരനല്ല, ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കാനാണ് മുഹമ്മദ് അസ്മൽ ഹുഖ് എന്ന റിട്ട. ജൂണിയർ കമ്മീഷൻഡ് ഓഫീസറോട് (ജെസിഒ) പൗരത്വ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. 1971ൽ അനധികൃതമായി ഇന്ത്യയിൽ കുടിയേറിയ ആളാണെന്നാണ് അസ്മലിനെതിരായ ആരോപണം. 13നുള്ളിൽ വ്യക്തമായ തെളിവുകളോടെ പൗരത്വ കോടതിക്കു മുന്പാകെ ഹാജരാകണമെന്നും നിർദേശമുണ്ട്. മുപ്പത് വർഷം ഇന്ത്യൻ സൈന്യത്തിലായിരുന്നു.
തനിക്കെതിരേ എന്തിനാണ് ഇത്തരമൊരു നീക്കം നടക്കുന്നതെന്ന് അറിയില്ല. നേരത്തേ സെപ്റ്റംബർ 11ന് ഹാജരാകാൻ നോട്ടീസ് വന്നിരുന്നു. എന്നാൽ, ദിവസം കഴിഞ്ഞാണ് നോട്ടീസ് കൈയിൽ കിട്ടിയത്. മുന്പും സമാനമായ ദുരനുഭവം ഉണ്ടായിട്ടുണ്ട്. 2012ലും പൗരത്വം സംബന്ധിച്ച സംശയമുയർത്തിയപ്പോൾ എല്ലാ രേഖകളും സമർപ്പിച്ചിരുന്നു. അന്ന് രേഖകൾ ബോധ്യപ്പെട്ട് അധികൃതർ പൗരനാണെന്നു പ്രഖ്യാപിച്ചു. വീണ്ടും ഇതേ കാര്യം ആവശ്യപ്പെട്ടിരിക്കുന്നു. 2012ൽ ഭാര്യ മംമ്താജ് ബീഗത്തിന്റെ പൗരത്വവും തെളിയിക്കേണ്ടിവന്നിരുന്നു- മുഹമ്മദ് അസ്മർ പറഞ്ഞു. എന്തിനാണ് ഇത്തരത്തിൽ ആവർത്തിച്ചാവർത്തിച്ച് മാനംകെടുത്തുന്നതെന്നും അസ്മൽ ചോദിച്ചു.