മൂവാറ്റുപുഴ: പിതാവിനു പിന്നാലെ മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പിതാവിന്റെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
മൂവാറ്റുപുഴ വെള്ളൂർക്കുന്നം പാലക്കോട്ട് പുത്തൻപുര ബാബു(48), മകൾ അമൃത (20) എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളിൽ മരിച്ചത്. ബാബു കഴിഞ്ഞ 27നും മകൾ 29നുമാണ് ആത്മഹത്യ ചെയ്തത്.
വെള്ളൂർക്കുന്നത്ത് വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്. വീടിനു സമീപം കാറിനുള്ളിലാണ് ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
സയനൈഡ് കഴിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. രാവിലെ 10ഓടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് അമൃതയെ കണ്ടെത്തിയത്. കുളിക്കാൻ പോയ മകൾ എത്താൻ താമസിച്ചപ്പോൾ മാതാവ് ബിന്ദു അന്വേഷിച്ചപ്പോഴാണ് മകളെ മുറിക്കുള്ളിൽ സാരിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ആരോപണങ്ങളും സംശയങ്ങളുമുയർന്ന സാഹചര്യത്തിൽ കുടുംബാംഗങ്ങളിൽനിന്നു പോലീസ് മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.