കണ്ണൂർ: കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിൽനിന്ന് ഇനിയും മാവിലായി ഗ്രാമം മുക്തമായിട്ടില്ല. മാവിലായി യുപി സ്കൂളിനു സമീപം താമസിക്കുന്ന കുഴിക്കലായിയിലെ പൂനത്തറ ശ്രീലത(42)യാണ് ഉറക്കത്തിനിടെ ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രദീപനെ (48) എടക്കാട് എസ്ഐ മഹേഷ് കണ്ടന്പേത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ആളുകളോട് അധികം ബന്ധം പുലർത്തിയിരുന്നില്ലെങ്കിലും ശാന്തനും സൗമ്യനുമായിരുന്നു പ്രദീപനെന്നാണ് നാട്ടുകാരുടെ ഭാഷ്യം. ഇയാൾ ഇത്രയും വലിയ ക്രൂരത ചെയ്യുമെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനേ കഴിയുന്നില്ല.
പ്രദീപന്റെ സഹോദരങ്ങൾ ഇയാളുടെ വീടിന് സമീപമാണു താമസിക്കുന്നത്. എന്നാൽ ഭാര്യയെയും മക്കളെയും പോലും അവരുടെ വീടുകളിലേക്ക് അയയ്ക്കുവാനോ സൗഹൃദം സ്ഥാപിക്കാനോ ഇയാൾ അനുവദിക്കാറില്ല. ഭാര്യയെയും രണ്ടു പെൺമക്കളെയും പുറത്തുവിടുന്നതു തന്നെ അപൂർവമാണത്രെ.
കൊലപാതക ദിവസം ഇയാൾ മദ്യപിച്ചിരുന്നതായും പറയുന്നു. ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം വീടിന്റെ വാതിൽ തുറന്നു പുറത്തുവന്ന ഇയാൾ മറ്റൊരു വീട്ടിൽ പോയി ഇരുന്നു. നാട്ടുകാരുമായോ കുടുംബക്കാരുമായോ ബന്ധം സ്ഥാപിക്കാത്ത ഇയാൾ അതിരാവിലെ വീട്ടിൽ കയറിവന്നത് അയൽവാസികളെ അത്ഭുതപ്പെടുത്തി. പിന്നീടാണ് കൊലപാതകവിവരം അയൽവാസികൾ അറിയുന്നത്.