‘ഇൻസെപ്ഷൻ’എന്ന വിഖ്യാത ഹോളിവുഡ് ചിത്രത്തിൽ ലിയനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച നായക കഥാപാത്രം, താൻ സ്വപ്നത്തിലാണോ അതോ ജീവിതത്തിലാണോ എന്നു തിരിച്ചറിയുന്നത് പന്പരം കറക്കിയാണ്.
പന്പരത്തിന്റെ കറക്കം അവസാനിക്കുന്നുവെങ്കിൽ താൻ ജീവിതത്തിലാണെന്നും അതല്ല, മറിച്ചാണെങ്കിൽ സ്വപ്നത്തിലാണെന്നുമാണ് കക്ഷിയുടെ നിഗമനം. എന്നാൽ, ഫിയർലെസ് കന്പനി അടുത്തിടെ നിർമിച്ച ‘ലിംപോ’എന്ന പന്പരമാണ് ഡികാപ്രിയോ കറക്കിയിരുന്നതെങ്കിൽ ആകെ കുഴപ്പമായേനെ എന്നു പറയേണ്ടിവരും.
കാരണം, ലിംപോ പന്പരത്തിന്റെ കറക്കം തീരാൻ ഒരു ദിവസത്തിലേറെ സമയം പിടിക്കും. കൃത്യം പറഞ്ഞാൽ 27 മണിക്കൂർ, 9 മിനിറ്റ്, 24 സെക്കൻഡ്. ലോകത്തിൽ ഏറ്റവും കൂടുതൽ സമയം കറങ്ങുന്ന പന്പരമെന്ന ഗിന്നസ് റിക്കാർഡും ലിംപോ കഴിഞ്ഞ ദിവസം സ്വന്തമാക്കി.കൂടുതൽ സമയം കറങ്ങുമെന്നതു മാത്രമല്ല, പരുക്കൻ പ്രതലങ്ങളിലും ശക്തിമാനെപ്പോലെ കറങ്ങാൻ കഴിയുമെന്നതും ലിപോയുടെ പ്രതേകതയാണ്.
ഉള്ളിൽ ഘടിപ്പിച്ചിട്ടുള്ള അതിസൂക്ഷ്മ സെൻസറും ചെറു മോട്ടോറുമാണ് ഈ പന്പരത്തെ സവിശേഷമാക്കുന്നത്. പന്പരം വീഴുന്നതു മുൻകൂട്ടിക്കണ്ട് അതിനനുസരിച്ച് ഉള്ളിൽ മോട്ടോർ പ്രവർത്തിപ്പിച്ചാണു ലിംപോ പന്പരം വീഴ്ച ഒഴിവാക്കുന്നത്.