തിരുവനന്തപുരം: എഡിജിപി സുദേഷ്കുമാറിന്റെ മകൾ പോലീസ് ഡ്രൈവർ ഗവാസ്കറിനെ മർദിച്ച ശേഷം സഞ്ചരിച്ച ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. ഇത്രനാളും കണ്ടെത്താൻ കഴിയാതിരുന്ന ഓട്ടോ ഡ്രൈവർ അംബാശങ്കറിനെ കണ്ടെത്തിയാണു മൊഴി രേഖപ്പെടുത്തിയത്.
കനകക്കുന്നിൽ വച്ചു തന്റെ ഓട്ടോറിക്ഷ കൈകാണിച്ചു നിർത്തി ഇതിൽ കയറിയ ശേഷം തിരിച്ചിറങ്ങി കാറിൽ നിന്ന് മൊബൈലെടുത്ത ശേഷം വീണ്ടും ഓട്ടോയിൽ കയറിയെന്നാണു ഓട്ടോ ഡ്രൈവറുടെ മൊഴി.
ഓട്ടോയിലിരുന്നു ഹിന്ദിയിൽ ഉച്ചത്തിൽ സംസാരിച്ചു. മർദിച്ചതു താൻ കണ്ടില്ലെന്നാണു മൊഴിയിൽ പറയുന്നത്. പേടിച്ചാണ് ഇത്രയും നാൾ പോലീസിൽ വിവരമറിയിക്കാതിരുന്നതെന്നും മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിനു ശേഷം എഡിജിപിയുടെ മകൾ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ കണ്ടെത്താനാകാതെ ക്രൈംബ്രാഞ്ച് വലയുകയായിരുന്നു.
എഡിജിപിയുടെ ഭാര്യയും മകളും കനകക്കുന്നിൽ നടക്കാൻ വന്നപ്പോഴായിരുന്നു സംഭവം. സംഭവത്തിനു മുൻപ് എഡിജിപിയുടെ മകളുടെ കായിക ക്ഷമതാ വിദഗ്ദ്ധയുമായി ഗവാസ്കർ സൗഹൃദ സംഭാഷണം നടത്തിയതിൽ ഇവർ അനിഷ്ടം പ്രകടിപ്പിച്ചിരുന്നു. തുടർന്നു ഗവാസ്കറിനെ എഡിജിപിയുടെ മകൾ അസഭ്യം പറഞ്ഞു. സംഭവദിവസം രാവിലെ കനകക്കുന്നിൽവച്ചും എഡിജിപി അസഭ്യം പറഞ്ഞെന്നാണു പരാതി.
ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ പ്രശ്നമുണ്ടാകുകയും എഡിജിപിയുടെ മകൾ ഒൗദ്യോഗിക വാഹനത്തിന്റെ താക്കോൽ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഒൗദ്യോഗിക വാഹനം വിട്ടുനൽകാൻ ഗവാസ്കർ തയ്യാറായില്ല.
തുടർന്ന് ഓട്ടോറിക്ഷ കൈകാട്ടി നിറുത്തി അതിൽ കയറിയ എഡിജിപിയുടെ മകൾ തിരിച്ചിറങ്ങി വന്ന് കാറിന്റെ പിൻസീറ്റിൽ വച്ചിരുന്ന മൊബൈൽ ഫോണ് എടുത്ത് കഴുത്തിലും നട്ടെല്ലിലും മുതുകിലും മർദിച്ചെന്നായിരുന്നു ഗവാസ്കറുടെ പരാതി. തുടർന്നാണ് ഓട്ടോറിക്ഷയിൽ മടങ്ങിയത്.