കുറവിലങ്ങാട്: റോഡിൽനിന്നു കളഞ്ഞുകിട്ടിയതായി പറയുന്ന ഒരു ചാക്ക് അരി ഒടുവിൽ കോടതിയിലേക്ക്. കുറവിലങ്ങാട് ക്ലാരറ്റ് ഭവൻ റോഡിൽ ക്ലാരറ്റ് ഭവൻ ഭാഗത്തുള്ള ഒരു കടയ്ക്കടുത്തുനിന്ന് ഒരു ചാക്ക് അരി ഉടമസ്ഥനില്ലാതെ കണ്ടതോടെയാണു സംഭവങ്ങൾക്കു തുടക്കം.
റേഷനരിയാണു ചാക്കിലുള്ളതെന്ന പ്രചാരണമാണു സംശയത്തിനു ബലമേകിയത്. റേഷൻകടയിൽനിന്നുള്ളതെന്ന വാദത്തിനു ശക്തികൂട്ടാനായി അരി മണത്തും ചാക്ക് തുന്നിച്ചുമൊക്കെ സ്ഥലത്തെത്തിയവർ പരിശോധന നടത്തി. ഇതിനിടെ, ചിലർ അരിയുമായി പോകാൻ ശ്രമം നടത്തിയതായും പറയുന്നു.
അരിയെച്ചൊല്ലിയുള്ള ബഹളം അറിഞ്ഞതോടെ പോലീസും സ്ഥലത്തെത്തി. അരി പോലീസ് സ്റ്റേഷൻ കയറിയതോടെ തുടർനടപടികളെക്കുറിച്ചായി ആലോചന.
വഴിയിൽ കളഞ്ഞുകിട്ടിയ അരിയുടെ ഉടമസ്ഥനെ അറിയില്ലെന്നും അരി റേഷൻ കടയിലേതാണോ എന്ന സംശയവുമാണ് പോലീസിനെ കുഴയ്ക്കുന്നത്. എന്താണെങ്കിലും പതിവുനടപടി പ്രകാരം അരി കോടതിയിൽ ഹാജരാക്കാനാണു പോലീസിന്റെ തീരുമാനം. റേഷൻ അരിയാണോ എന്നറിയാനായി സപ്ലൈ ഉദ്യോഗസ്ഥരുടെയോ ഫുഡ് കോർപറേഷന്റെയോ സഹായങ്ങൾ തേടേണ്ടി വന്നേക്കാം.
റേഷൻ കാർഡുടമയ്ക്ക് അർഹമായ ഭക്ഷ്യധാന്യങ്ങൾ മാത്രം നൽകാനായി വാതിൽപ്പടി വിതരണവും ഇ പോസ് ക്രമീകരണവും നടപ്പിലാക്കിയതിനു പിന്നാലെയാണു റേഷനരിയെന്നു സംശയിക്കുന്ന ഒരു ചാക്ക് അരി വിവാദങ്ങളിൽപ്പെടുന്നതെന്നതാണു ശ്രദ്ധേയം.