കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറിലെ സിറ്റിംഗ് സീറ്റുകളില്‍ മത്സരിക്കാനൊരുങ്ങി ജനതാദള്‍ സെക്യുലര്‍. (ജെഡിഎസ്) പാലക്കാട് ജില്ലയിലെ ചിറ്റൂരും കോഴിക്കോട് വടകരയുമാണ് ജെഡിഎസ് ഇത്തവണയും ആവശ്യപ്പെടുന്നത്.
ഇന്ന് കോഴിക്കോട് ചേരുന്ന ജെഡിഎസ് മലബാര്‍ മേഖലാ നേതൃയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. കൂടാതെ രണ്ട് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നത് സംബന്ധിച്ചും യോഗം തീരുമാനമെടുക്കും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ രണ്ടു മണ്ഡലങ്ങളിലും ജെഡിഎസാണ് വിജയിച്ചത്. ചിറ്റൂരിലെ സീറ്റില്‍ ആശങ്കകളില്ലെങ്കിലും വടകര സീറ്റ് ജെഡിഎസിന് ഇത്തവണ ലഭിക്കുമോയെന്നതില്‍ തീരുമാനമായിട്ടില്ല.
വടകര സീറ്റ് ആവശ്യവുമായി ലോക് താന്ത്രിക് ജനതാദളും (എല്‍ജെഡി) രംഗത്തെത്തിയതോടെയാണ് ആശങ്ക മുറുകിയത്. എന്നാല്‍ ഒരു കാരണവശാലും വടകര സീറ്റ് വിട്ടുനല്‍കില്ലെന്ന നിലപാടാണ് ജെഡിഎസിനുള്ളത്.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ജയിക്കില്ലെന്നുറപ്പിച്ച സീറ്റായിരുന്നു വടകര. പോരാട്ടത്തിലൂടെയാണ് ഈ സീറ്റ് ജെഡിഎസ് പിടിച്ചെടുത്തത്. കോഴിക്കോട് സീറ്റിനെ ചൊല്ലി വീരേന്ദ്രകുമാര്‍ 2009 -ല്‍ മുന്നണി വിട്ടിട്ടും എല്‍ഡിഎഫില്‍ തന്നെ തുടര്‍ന്ന പാര്‍ട്ടിയാണ് ജെഡിഎസ്.
വര്‍ഷങ്ങളായി യുഡിഎഫിനൊപ്പം നില്‍ക്കുകയും മന്ത്രിപദവിയും ബോര്‍ഡ്അംഗമായി സ്ഥാനം വഹിക്കുകയും ചെയ്ത എല്‍ജെഡി മാസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും എല്‍ഡിഎഫിന്റെ ഭാഗമായത്. ഈ സാഹചര്യം നിലനില്‍ക്കെ മുന്നണിയില്‍ അവഗണിക്കില്ലെന്ന വിശ്വാസത്തിലാണ് ജെഡിഎസ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ഥിയായി മനയത്ത് ചന്ദ്രനെയായിരുന്നു എല്‍ജെഡി മത്സരിപ്പിച്ചത്.
അന്ന് എല്‍ജെഡി ജെഡിയു എന്ന പേരിലായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത് ജെഡിഎസിന്റെ സി.കെ.നാണുവായിരുന്നു. 49,211 വോട്ടുകളായിരുന്നു നാണുവിന് ലഭിച്ചത്. മനയത്തിന് 39,700 വോട്ടായിരുന്നു ലഭിച്ചത്.
2011 ല്‍ 46,912 വോട്ടുനേടിയാണ് സി.കെ.നാണു ജയിച്ചത്. അന്ന് യുഡിഎഫിന്റെ എം.കെ.പ്രോംനാഥിന് 46,065 വോട്ടായിരുന്നുള്ള ലഭിച്ചത്. അതേസമയം വടകര ശക്തി കേന്ദ്രമാണെന്ന അവകാശവാദമാണ് എല്‍ജെഡി ഉന്നയിക്കുന്നത്.
സിപിഎമ്മും ഇതംഗീകരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. ജെഡിഎസ് മുന്നണിയിലെത്തിയ ശേഷം നടന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍ ജെഡിഎസിന് അവഗണന നേരിടേണ്ടി വന്നിരുന്നു. ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ജെഡിഎസിന് കൂടുതല്‍ സീറ്റ് നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ചേരുന്ന ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്) മലബാര്‍ മേഖലാ കണ്‍വന്‍ഷനില്‍ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് പങ്കെടുക്കില്ല. ക്വാറന്റൈനിലായതിനാലാണ് പങ്കെടുക്കാത്തത്. അതേസമയം കെ.കൃഷ്ണന് കുട്ടി പങ്കെടുക്കുന്നുണ്ട്. സി.കെ.നാണു എംഎല്‍എയും പങ്കെടുക്കുമെന്നാണ് അറിയിച്ചത്.