കെ.ഷിന്റുലാല്‍
കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകളില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലുറച്ച് ജനതാദള്‍ എസ് (ജെഡിഎസ്). ഇന്നലെ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ച അഞ്ച് സീറ്റുകളില്‍ ഇത്തവണയും മത്സരിക്കാന്‍ ജെഡിഎസ് തീരുമാനിച്ചത്.
എല്‍ഡിഎഫില്‍ ലോക് താന്ത്രിക് ജനതാദളും ഐന്എല്ലും കൂടി പുതുതായി വന്നതോടെ ഘടകകക്ഷികളുടെ സീറ്റുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നേരത്തെ മത്സരിച്ച സീറ്റുകളില്‍ യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്ന് ജെഡിഎസ് തീരുമാനിച്ചത്.
വടകര, ചിറ്റൂര്‍, തിരുവല്ല, അങ്കമാലി, കോവളം എന്നിവിടങ്ങളിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് മത്സരിച്ചത്. ഈ മണ്ഡലങ്ങളില്‍ രണ്ടാഴ്ചക്കുള്ളില്‍ തെരഞ്ഞെടുപ്പ് കണ്വന്ഷന് വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
ഈ മാസം തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്യും. മറ്റു നിയോജകമണ്ഡലങ്ങളില്‍ ഫെബ്രുവരി 15 നുള്ളില്‍ മണ്ഡലം കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. തെരഞ്ഞെടുപ്പില്‍ എല്‍ജെഡി ഏഴ് സീറ്റാണ് ലക്ഷ്യമിടുന്നത്. ഇതില്‍ ജെഡിഎസിന്റെ സിറ്റിംഗ് സീറ്റായ വടകരയും ഉള്‍പ്പെടുന്നുണ്ട്.
യുഡിഎഫിലായിരുന്നപ്പോള്‍ ഏഴ് സീറ്റ് അനുവദിച്ചിരുന്നത് ചൂണ്ടിക്കാണിച്ചാണ് ഏഴ് സീറ്റെന്ന ആവശ്യം ഉന്നയിക്കാന്‍ എല്‍ജെഡി ഒരുങ്ങുന്നത്. അതേസമയം അഞ്ച് സീറ്റുകള്‍ വേണമെന്ന് ഐഎന്‍എല്ലും ആവശ്യപ്പെടും. നിലവിലെ സാഹചര്യത്തില്‍ ജെഡിഎസ് കൈയിലുള്ള സീറ്റുകള്‍ വിട്ടുനല്‍കേണ്ടിവരുമെന്ന അഭ്യൂഹവും മുന്നണിക്കുള്ളില്‍ നിന്നുയരുന്നുണ്ട്.
കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് മണ്ഡലങ്ങളില്‍ വടകരയിലും ചിറ്റൂരിലും തിരുവല്ലയിലും ജെഡിഎസിനായിരുന്നു ജയം. അങ്കമാലിയിലും കോവളത്തും യുഡിഎഫും വിജയിച്ചു. ഇവിടെ രണ്ടാംസ്ഥാനത്താണ് ജെഡിഎസുള്ളത്. മത്സരിച്ച സീറ്റുകളിലെല്ലാം ജെഡിഎസിന് ഇത്തവണ മികച്ച പ്രകടനം നടത്താനാവുമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍.
അതേസമയം ജെഡിഎസ് ദേശീയ നേതൃത്വത്തെ വിമര്‍ശിക്കുന്ന എല്‍ജെഡി നിലപാടിനെതിരേയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. എങ്കിലും ഇരുസോഷ്യലിസ്റ്റ് പാര്‍ട്ടികളുടേയും ലയനത്തിന് ജെഡിഎസിന് എതിര്‍പ്പില്ലെന്നാണ് നേതാക്കള്‍ പറയുന്നത്.
എന്നാല്‍ ഇതിന് ലോക് താന്ത്രിക് ജനതാദള്‍ തയാറാവുന്നില്ല. ലയനശേഷം പരമാവധി എട്ട് നിയമസഭാ സീറ്റുകള്‍ ലഭിക്കാനേ സാധ്യതയുള്ളൂ. ഇതില്‍ ജയസാധ്യതയുള്ള ചിറ്റൂര്‍, കോവളം, തിരുവല്ല, അങ്കമാലി, വടകര സീറ്റുകളെല്ലാം ജെഡിഎസ് നേതാക്കള്‍ക്കുതന്നെ നല്‍കേണ്ടിവരുമെന്നതാണ് ലയനത്തിന് തടസമായി എല്‍ജെഡി കാണുന്നത്.
മാത്യു ടി. തോമസും കെ. കൃഷ്ണന്‍കുട്ടിയും വീണ്ടും മത്സരിക്കും
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെഡിഎസില്‍ നിന്ന് മാത്യു ടി. തോമസും കെ.കൃഷ്ണന്‍കുട്ടിയും വീണ്ടും മത്സരിക്കും.മാത്യു ടി. തോമസ് തിരുവല്ലയിലും കെ.കൃഷ്ണന്‍കുട്ടി ചിറ്റൂരിലും തന്നെയാവും മത്സരിക്കുന്നത്. അതേസമയം വടകരയില്‍ നിന്ന് വിജയിച്ച സി.കെ.നാണു ഇത്തവണ മത്സരരംഗത്തുണ്ടാവില്ലെന്നാണ് വിവരം.
ഇവിടെ ജെഡിഎസ് ജില്ലാ പ്രസിഡന്റ് കെ.ലോഹ്യയെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. കോവളത്ത് കഴിഞ്ഞ തവണ ജമീല പ്രകാശമായിരുന്നു മത്സരിച്ചിരുന്നത്. ഇവിടെ ഇത്തവണ നീലലോഹിതദാസ് നാടാരെയാണ് പരിഗണിക്കുന്നത്.
അങ്കമാലിയില്‍ നേരത്തെ രണ്ടു തവണ വിജയിച്ച ജോസ് തെറ്റയിലാണ് സ്ഥാനാര്‍ഥിയാക്കാന്‍ സാധ്യത. വടകരയില്‍ 9511 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇന്നത്തെ എല്‍ജെഡി സ്ഥാനാര്‍ഥിയായ മനയത്ത് ചന്ദ്രനെ ജെഡിഎസിന്റെ സി.കെ.നാണു പരാജയപ്പെടുത്തിയത്. ചിറ്റൂരില്‍ 7285 വോട്ട് ഭൂരിപക്ഷമാണുള്ളത്.
ജെഡിഎസ് നേതാവ് കെ.കൃഷ്ണന് കുട്ടി 69270 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ കെ.അച്ചുതന് 61985 വോട്ടായിരുന്നു ലഭിച്ചത്. തിരുവല്ലയിലും ജെഡിഎസിന് മികച്ച ഭൂരിപക്ഷമുണ്ടായിരുന്നു. ഇവിടെ മാത്യുടി. തോമസിന് 59660 വോട്ടുകളാണ് ലഭിച്ചത്.
കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് എം. പുതുശേരിക്ക് 51398 വോട്ട് മാത്രമാണ് ലഭിച്ചത്. അങ്കമാലിയില്‍ 9186 വോട്ടിനാണ് ജെഡിഎസിന്റെ ബെന്നി പരാജയപ്പെട്ടത്. കോവളത്ത് 2615 വോട്ടിനാണ് ജമീല പ്രകാശം തോറ്റത്. നിലവില്‍ ഈ രണ്ടു മണ്ഡലങ്ങളിലും ഇത്തവണ വിജയസാധ്യതയേറെയാണെന്ന് ജെഡിഎസ് നേതാക്കള്‍ കണക്കുകൂട്ടുന്നു.