തിരുവനന്തപുരം: ഇടതുമുന്നണി ഘടകകക്ഷിയായ ജെഡിഎസ് കേരള ഘടകം പിളർപ്പിലേക്കു നീങ്ങുകയാണെന്നു സൂചന. പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു വിളിച്ചു ചേർത്ത ദേവഗൗഡ വിരുദ്ധരുടെ യോഗം ഇന്നു രാവിലെ കോവളത്ത് തുടങ്ങി.
ദേവഗൗഡ വിഭാഗം ബിജെപി സഖ്യമുണ്ടാക്കിയതോടെ പ്രതിസന്ധിയിലായ ജെഡിഎസ് കേരളഘടകത്തിന് സി.കെ. നാണുവിന്റെ നീക്കം മറ്റൊരു വെല്ലുവിളിയായി.
താൻ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കരുതെന്ന് പ്രവർത്തകരെ വിലക്കിയ സംസ്ഥാന നേതൃത്വത്തിനെതിരേ സി.കെ. നാണു രൂക്ഷവിമർശനമാണു നടത്തിയിരിക്കുന്നത്. സംസ്ഥാന നേതാക്കളായ മാത്യു ടി.തോമസിനും കെ. കൃഷ്ണൻകുട്ടിക്കുമെതിരേ സി.കെ. നാണു ആഞ്ഞടിച്ചതോടെ പാർട്ടിക്കുള്ളിലെ അസ്വാരസ്യം മറനീക്കി പുറത്തു വന്നു.
കോവളത്തെ വെള്ളാര്‍ ആര്‍ട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിലാണ് ഇന്നു യോഗം നടക്കുന്നത്. നിർണായകമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കേണ്ട സമയത്ത് നിശബ്ദനായിരിക്കാൻ കഴിയില്ലെന്നും അതിനാലാണ് യോഗം വിളിച്ചതെന്നും സി.കെ.നാണു പറയുന്നു.
പാർട്ടിയെ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള മാത്യു ടി. തോമസും കെ. കൃഷ്ണൻകുട്ടിയും ഒന്നും ചെയ്യുന്നില്ല. താന്‍ വിളിച്ച യോഗത്തിന് നേതൃത്വം നല്‍കേണ്ടത് ജെഡിഎസ് സംസ്ഥാന ഘടകമാണ്. ദേശീയ നേതൃത്വത്തിന്റെ ഭാഗമല്ലാത്തതുകൊണ്ട് സംസ്ഥാന ഘടകത്തിന് കൃത്യ നിലപാട് സ്വീകരിക്കാം.
താൻ വിളിച്ച ദേശീയ ഭാരവാഹി യോഗത്തെ എതിർക്കുന്ന നേതാക്കളുടെ നടപടി അച്ചടക്കലംഘനമാണ്- സി.കെ. നാണു പറഞ്ഞു.
തന്നെ ആക്ഷേപിച്ചിട്ട് കാര്യമില്ലെന്നും പാര്‍ട്ടിയെ രക്ഷിക്കാന്‍ നേതൃത്വം തന്റേടം കാണിക്കണമെന്നും സി.കെ. നാണു പറയുന്നു. ഗൗഡ വിഭാഗം ബിജെപി സഖ്യമുണ്ടാക്കിയതോടെ ഇടതുമുന്നണിക്ക് ജെഡിഎസിനെ പറ്റി സംശയം വന്നിരിക്കുന്നുവെന്നും സി.കെ.നാണു കൂട്ടിച്ചേർത്തു.
ദേശീയ നേതൃത്വം പാർട്ടിയിൽ നിന്നു പുറത്താക്കിയ കർണാടക മുൻ അധ്യക്ഷൻ സി.എം. ഇബ്രാഹിമിനെ മുൻനിർത്തിയാണ് ഗൗഡ വിരുദ്ധപക്ഷത്തിന്റെ നീക്കം.
ബിജെപിയുമായി ദേവഗൗഡ സ്ഥാപിച്ച സഖ്യത്തെ എതിർക്കുന്നവരുടെ ദേശീയതലത്തിലുള്ള കൂട്ടായ്മയാണ് സി.കെ.നാണു ലക്ഷ്യമിടുന്നത്.
അതേസമയം ബിജെപി സഖ്യത്തെ എതിർക്കുന്ന കേരള ഘടകം സി.കെ.നാണുവിന്റെ യോഗത്തിനെതിരാണ്. സംസ്ഥാന നേതാക്കളാരും യോഗത്തിൽ പങ്കെടുക്കരുതെന്നാണ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
സി.കെ. നാണു കൂടിയാലോചനകളില്ലാതെയാണ് യോഗം വിളിച്ചതെന്നും യോഗം ഗൗഡയ്ക്കെതിരായ നീക്കത്തിന് ക്ഷീണമുണ്ടാക്കുമെന്നും ജോസ് തെറ്റയില്‍ അഭിപ്രായപ്പെട്ടു.