സ്വന്തം ലേഖകന്‍
കോഴിക്കോട്: നിയമസഭാതെരഞ്ഞെടുപ്പില്‍ സിറ്റിംഗ് സീറ്റുകളില്‍ ഒന്ന് ജനതാദള്‍-എസിന് നഷ്ടമാകും. സിപിഎം നേതൃത്വവുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ അഞ്ച് സീറ്റുകള്‍ ഇത്തവണയും അനുവദിക്കണമെന്ന് ജെഡിഎസ് ആവശ്യപ്പെട്ടെങ്കിലും സിപിഎം സമ്മതിച്ചിട്ടില്ല.
മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍ എത്തിയ സാഹചര്യത്തില്‍ സിറ്റിംഗ് സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സീറ്റ് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.
കോവളം, തിരുവല്ല, അങ്കമാലി, ചിറ്റൂര്‍, വടകര സീറ്റുകളിലായിരുന്നു കഴിഞ്ഞ തവണ ജെഡിഎസ് മത്സരിച്ചത്. ഇതില്‍ കോവളത്തും അങ്കമാലിയിലും പരാജയപ്പെടുകയായിരുന്നു. നിലവില്‍ സീറ്റ് വിട്ടുവീഴ്ചയില്‍ സിപിഎം മൃദുസമീപനം സ്വീകരിച്ചില്ലെങ്കില്‍ അങ്കമാലി വിട്ടുനല്‍കാനാണ് ജെഡിഎസ് ആലോചിക്കുന്നത്.
ഇൗ സീറ്റ് മാണി വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി യുഡിഎഫ് ഭരിച്ചിരുന്ന സീറ്റ് ജോസ് തെറ്റയില്‍ മത്സരിച്ചതോടെ എല്‍ഡിഎഫിന് ലഭിച്ചിരുന്നു. കഴിഞ്ഞ തവണ ജോസ് തെറ്റയില്‍ മത്സരരംഗത്തു നിന്ന് വിട്ടു നിന്നപ്പോള്‍ സീറ്റ് വീണ്ടും നഷ്ടമായി.
ഇപ്പോള്‍ ജോസ് തെറ്റയിലിനെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് മണ്ഡലത്തിന്റെ പൊതു വികാരം. മാണി വിഭാഗം സീറ്റ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.മറ്റുള്ള മണ്ഡലങ്ങളെല്ലാം വിജയസാധ്യതയുള്ളതാണെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തി.
അതേസമയം വടകര സീറ്റ് എല്‍ജെഡി ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം സിപിഎം സ്വീകരിച്ചിട്ടില്ല. വടകര വിട്ടുനല്‍കാനാവില്ലെന്ന് ഇന്നലെ നടന്ന ചര്‍ച്ചയിലും ജെഡിഎസ് അറിയിച്ചിട്ടുണ്ട്. അതേസമയം മാത്യു ടി. തോമസ്, കെ.കൃഷ്ണന്‍കുട്ടി, നീലലോഹിതദാസ് നാടാര്‍, കെ.ലോഹ്യ, ജോസ് തെറ്റയില്‍ എന്നിവരാണ് മത്സരിക്കുന്നത്.
ഇതില്‍ അങ്കമാലി വിട്ടുകൊടുക്കേണ്ടി വന്നാല്‍ ജോസ് തെറ്റയില്‍ മത്സര രംഗത്തുണ്ടാവില്ല. മാത്യു ടി. തോമസ് തിരുവല്ലയിലും കെ.കൃഷ്ണന്‍കുട്ടി ചിറ്റൂരിലും കെ.ലോഹ്യ വടകരയിലും നീലലോഹിതദാസ് നാടാര്‍ കോവളത്തും മത്സരിക്കും.
വടകരയില്‍ 9,511 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇന്നത്തെ എല്‍ജെഡി സ്ഥാനാര്‍ഥിയായ മനയത്ത് ചന്ദ്രനെ ജെഡിഎസിന്റെ സി.കെ.നാണു പരാജയപ്പെടുത്തിയത്. ചിറ്റൂരില്‍ 7,285 വോട്ട് ഭൂരിപക്ഷമാണുള്ളത്. ജെഡിഎസ് നേതാവ് കെ.കൃഷ്ണന് കുട്ടി 69,270 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ കെ.അച്ചുതന് 61,985 വോട്ടായിരുന്നു ലഭിച്ചത്.
തിരുവല്ലയിലും ജെഡിഎസിന് മികച്ച ഭൂരിപക്ഷമുണ്ടായിരുന്നു. ഇവിടെ മാത്യുടി. തോമസിന് 59,660 വോട്ടുകളാണ് ലഭിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് എം. പുതുശേരിക്ക് 51,398 വോട്ട് മാത്രമാണ് ലഭിച്ചത്. അങ്കമാലിയില്‍ 9,186 വോട്ടിനാണ് ജെഡിഎസിന്റെ ബെന്നി പരാജയപ്പെട്ടത്. കോവളത്ത് 2,615 വോട്ടിനാണ് ജമീല പ്രകാശം തോറ്റത്.