തൃശൂർ: യുഡിഎഫുമായുള്ള ബന്ധം രാഷ്ട്രീയപരമായി ദോഷമുണ്ടാക്കിയെന്ന് ജെഡിയു ദേശീയ സെക്രട്ടറി എം.വി. ശ്രേയാംസ്കുമാർ. പലകാരണങ്ങളാൽ മുന്‍പ് ഇടതുമുന്നണി വിടേണ്ടി വന്നു. ഇതൊരു തിരിച്ചുവരവായി കണക്കാക്കാമെന്നും അദ്ദേഹം പറഞ്ഞു.
ജനതാദൾ എസിൽനിന്നു രാജിവച്ചു ജെഡിയുവിലേക്കു വന്ന വിവിധ ജില്ലകളിലുള്ളവരുടെ ലയനസമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സോഷ്യലിസ്റ്റു പ്രസ്ഥാനങ്ങൾ ഒന്നിച്ചു നിന്നാൽ വലിയ രാഷ്ട്രീയ ശക്തിയാകാനുള്ള സാഹചര്യം ഇന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെഡിയുവിലേക്കു വന്ന നേതാക്കളേയും പ്രവർത്തകരേയും ശ്രേയാംസ്കുമാർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
മുൻസംസ്ഥാന കമ്മിറ്റിയംഗം മലയിൻകീഴ് ശശികുമാർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി, സംസ്ഥാന കൗണ്‍സിലംഗം എം. സുഗതൻ, സംസ്ഥാന കൗണ്‍സിൽ അംഗം ജോണ്‍ മരങ്ങോലി, ഇടുക്കി ജില്ലാ പ്രസിഡന്റ് അനൂപ് ഫ്രാൻസിസ്, എൻജിഒ സെന്റർ സംസ്ഥാന പ്രസിഡന്റ് പനവൂർ നാസർ, ഇ.പി. നാരായണൻകുട്ടി, മോഹനൻനായർ, അജിഫ്രാൻസിസ്, പ്രിൻസ് ജോർജ്, ജെയ്സൻ മാണി, റോബർട്ട് ഫ്രാൻസിസ്, ബഷീർ തൈവളപ്പിൽ, വിൻസന്റ് പുത്തൂർ, ടി.സി. കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജോണ്‍ മരങ്ങോലി, എം. സുഗതൻ, കിസാൻ ജനത സംസ്ഥാന ഭാരവാഹികളായ ആർ .പത്മകുമാർ, സോമശേഖരൻനായർ, രാജുജോർജ്, മലയിൻകീഴ് ശശികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ജെഡിയുവിൽ ചേർന്നത്.