രാജ്യത്ത് അടിവസ്ത്ര നിര്‍മാണ മേഖലയ്ക്ക് സംഭവിച്ച വന്‍ തകര്‍ച്ച അടുത്തിടെ വലിയ ചര്‍ച്ചാവിഷയമായിരുന്നു. ഇതിനു പിന്നാലെ ജീന്‍സ് നിര്‍മാണ മേഖലയെയും രാജ്യത്ത് വര്‍ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധി സാരമായി ബാധിച്ചുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജീന്‍സ് നിര്‍മ്മാണത്തിനും വിതരണത്തിനും പേരുകേട്ട കര്‍ണാടകയിലെ ബെല്ലാരിയില്‍ മാത്രം 20ശതമാനമാണ് കച്ചവടത്തില്‍ കുറവ് വന്നിരിക്കുന്നത്.
ഇതോടെ നിര്‍മ്മാണം നിലച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഇവിടത്തെ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് ഡെനിം തുണിയും മറ്റ് അസംസ്‌കൃത വസ്തുക്കളും അഹമ്മദാബാദ്, സൂററ്റ് എന്നിവിടങ്ങളില്‍ നിന്നാണ് വരുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ കച്ചവടക്കാരുമായി നേരിട്ടാണ് ഇടപാട് നടത്തുന്നത്. ശ്രീലങ്ക, സിംഗപ്പൂര്‍, മിഡില്‍-ഈസ്റ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതിയും നടത്തുന്നു.
എന്നാല്‍ ഇപ്പോള്‍ തങ്ങളില്‍ നിന്ന് സ്ഥിരമായി വാങ്ങിയിരുന്ന കച്ചവടക്കാരുടെ ഓര്‍ഡറുകള്‍ കുറഞ്ഞതായി നിര്‍മ്മാതാക്കള്‍ പറഞ്ഞു. വ്യവസായ മേഖലയില്‍ വളര്‍ന്നു വരുന്ന സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇതെന്ന് അവര്‍ പറയുന്നു. അയല്‍സംസ്ഥാനങ്ങളില്‍ വര്‍ഷങ്ങളായി തങ്ങള്‍ നന്നായി ജീന്‍സ് വിതരണം ചെയ്യുന്ന ഷോപ്പുകളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ നല്ല പോലെ ഇടിഞ്ഞെന്ന് നിര്‍മ്മാണ യൂണിറ്റ് ഉടമകള്‍ പറയുന്നു.
യൂണിറ്റുകള്‍ അടച്ചുപൂട്ടുന്നതിനെ കുറിച്ച് പോലും ആലോചിക്കുന്നുണ്ടെന്ന് ഉടമകള്‍ പറയുന്നു. യൂണിറ്റുകള്‍ അടച്ചുപൂട്ടിയാല്‍ ബെല്ലാരി, ചിത്രദുര്‍ഗ, അധോനി ജില്ലകളിലുള്ള തൊഴിലാളികളുടെ ജീവിതത്തെ ഇത് ബാധിക്കും. ഞങ്ങള്‍ക്ക് ഓര്‍ഡറുകള്‍ വ്യാപാരികളില്‍ നിന്ന് ലഭിക്കുന്നില്ല. മാത്രമല്ല ആളുകള്‍ പഴയപോലെ പണം ചെലവഴിക്കുന്നില്ലെന്നും വ്യാപാരി വ്യവസായി നേതാവ് തപസ്വിലാല്‍ സി ജെയിന്‍ പറഞ്ഞു. വ്യാപാരികളില്‍ നിന്ന് ലഭിക്കാനുള്ള പണം നേരത്തെ കൃത്യമായ ഇടവേളകളിവല്‍ ലഭിക്കുമായിരുന്നു. ഇപ്പോള്‍ ആ ഇടവേളയുടെ ദൈര്‍ഘ്യം കൂടിയെന്നും നിര്‍മ്മാണ യൂണിറ്റ് ഉടമകള്‍ പറയുന്നു.