-ഡെന്നിസ് ജേക്കബ്
സൗന്ദര്യം അതു കാണുന്നവന്റെ കണ്ണിലാണെന്നു പറയാറുണ്ട്. അദ്ഭുതം എന്ന രസവും അങ്ങനെ തന്നെ. ഏഴു ലോകാദ്ഭുതങ്ങൾ മാത്രം അതിശയകരമായി കാണുന്നവരുണ്ടാകും. എന്നാൽ ഒരു കവിയുടെ കണ്ണിൽ എല്ലാം അത്ഭുതങ്ങളാണ്. പൂക്കളുടെയുള്ളിൽ ഒളിഞ്ഞിരിക്കുന്ന കനികൾ, ചിത്രശലഭങ്ങളുടെ ചിറകിലെ മനോഹരമായ നിറങ്ങൾ, മുളന്തണ്ടിന്റെ സുഷിരത്തിലൂടെ മൂളിപ്പോകുന്ന കാറ്റിന്റെ ഗാനം, സംഗീതം പഠിക്കാതെ പാടുന്ന കുയിലിന്റെ പാട്ട് എന്നു തുടങ്ങി സ്ത്രീസൗന്ദര്യം വരെ..
ഭൂമിയിലേക്കിറങ്ങി വെറുതെയൊന്നു കണ്ണോടിച്ചാൽ മതി, കാണാം ഏഴല്ല, എഴുപതല്ല ലോകാത്ഭുതങ്ങൾ. ഈ അത്ഭുതങ്ങൾ എല്ലാം ഒരു കവിതയിൽ ഒന്നിച്ചാലോ ? ആ കവിതയ്ക്കു സംഗീതം മുളച്ചാലോ..? ദൃശ്യങ്ങളുണ്ടായാലോ..? ഇവ മൂന്നും സമാസമം ചേർന്ന മഹാദ്ഭുതമാണ് അതിശയമേ എന്ന ഗാനം
വരികൾക്കിടയിൽ വൈരമുത്തു ഒളിപ്പിച്ചുവച്ച അദ്ഭുതമാണ് ഈ കവിത. വരികളിലും തീർന്നില്ല, അതിനെ തഴുകി ഈണം ഒഴുകിവന്നപ്പോൾ ഇസൈമന്നൻ എ.ആർ. റഹ്മാൻ അടുത്ത അദ്ഭുതം കാട്ടി. വരികൾക്കും ഈണത്തിനുമൊപ്പം ഏഴ് അദ്ഭുതങ്ങൾ സ്ക്രീനിൽ ചേർത്ത് വച്ച് ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറും അദ്ഭുതപ്പെടുത്തി. അദ്ഭുതങ്ങൾക്കു മുന്നിൽ ഐശ്വര്യ റായ് എന്ന സൗന്ദര്യം കൂടി ചേർന്നപ്പോൾ വീണ്ടും അദ്ഭുതം. ഇത്രയും അദ്ഭുതങ്ങൾ ഒളിപ്പിച്ചുവച്ച വേറെ ഏതു ഗാനമുണ്ട്.
1998ലാണ് ബ്രഹ്മാണ്ഡ സംവിധായകന്റെ ജീൻസ് പുറത്തിറങ്ങുന്നത്. ജെന്റിൽമാൻ, കാതലൻ, ഇന്ത്യൻ എന്നീ ചിത്രങ്ങളുമായി ശങ്കറും തുടങ്ങി എണ്ണിയാൽ തീരാത്ത ഹിറ്റ് ഗാനങ്ങളുമായി റഹ്മാനും കരിയർ ഹൈപ്പിൽ നിൽക്കുന്ന സമയം. ഇന്ത്യൻ സിനിമയുടെ പുതിയ സൗന്ദര്യമാകാൻ ഉലകസുന്ദരി ഐശ്വര്യ റായ് എത്തിയ കാലം. ശങ്കർ ചിത്രങ്ങളിൽ സംഗീതത്തിനു പഞ്ഞമുണ്ടാകില്ലല്ലോ. സ്വാഭാവികമായും അന്ന് സംവിധായകരുടെ ഫസ്റ്റ് ചോയ്സ് റഹ്മാൻ തന്നെയായിരുന്നു. ഈ പശ്ചാത്തലത്തിൽ നിന്നാണ് ജീൻസിന്റെ പിറവി.
സിനിമ ഒരു പ്രണയകാവ്യമാകണമെന്നു ശങ്കറിന് നിർബന്ധമുണ്ടായിരുന്നു. വീണ്ടുമൊരു ശങ്കർ-റഹ്മാൻ അത്ഭുതത്തിനായി കാത്തിരുന്ന സംഗീതപ്രേമികൾക്ക് പാട്ടിന്റെ ഉത്സവം സമ്മാനിച്ചാണ് ജീൻസ് എത്തിയത്. കൊളംബസ് കൊളംബസ് എന്ന തട്ടുപൊളിപ്പൻ ഗാനത്തിന്റെ ഈണത്തിനൊത്തു ചുവടുവച്ചവർ പൂവുക്കുൾ ഒളിന്തിരിക്കുന്ന അതിശയഗാനത്തിൽ സ്വയമലിഞ്ഞു.
ശാന്തമായ സമുദ്രത്തിനു മീതെ നനുത്ത കാറ്റ് ഒഴുകിവരുന്നതുപോലെ ആ മധുരഗാനം ഒഴുകിയെത്തി. എത്രയോ രാത്രികളിൽ എത്രയോ പേരുടെ പ്രണയത്തിന് കൂട്ടായി ആ ഗാനം സഞ്ചരിച്ചു. ഇന്നും തലമുറഭേദമില്ലാതെ ആ ഗാനം സംഗീതാസ്വാദകരുടെ ചുണ്ടിലുണ്ട്
മധുമിതയുടെ സൗന്ദര്യത്തിൽ അതിശയിച്ചുനില്ക്കുന്ന പ്രണയപരവശനായ വിശ്വനാഥനു വേണ്ടി ഒരു ഗാനം വേണം. പ്രണയിനിയുടെ സൗന്ദര്യത്തെ ലോകത്തിലെ അദ്ഭുതങ്ങൾക്കും മേലെയുള്ള അതിശയമായി കാണുകയാണ് വിശ്വനാഥൻ. അതിശയമെന്നു പറഞ്ഞാൽ വെറുതെ പറഞ്ഞാൽ പോരല്ലോ.
അങ്ങനെ ലോകത്തിലെ ഏഴ് അതിശയങ്ങളും ഫ്രെയിമിൽ നിരന്നു. ഏഴിലൊതുങ്ങാത്ത ലോകാദ്ഭുതങ്ങളെക്കുറിച്ച് വൈരമുത്തു വരികളുമെഴുതി. അഴകളവുകൾ തെറ്റാതെ, ആ വരികൾക്കിടയിലൂടെ റഹ്മാന്റെ മാസ്മരിക സംഗീതമൊഴുകിയെത്തി. പിന്നെയെല്ലാം ചരിത്രമാണ്.
ആശുപത്രിയിൽ വച്ച് ആദ്യമായി മധുമിതയെ കാണുന്പോൾ വിശ്വനാഥന്റെ കണ്ണിൽ വിരിയുന്ന ഒരു അദ്ഭുതമുണ്ട്. അവിടെ നിന്ന് തുടങ്ങുകയാണ് ഈ പാട്ടിന്റെ യാത്ര. പ്രണയം നിറഞ്ഞ കണ്ണിലൂടെ നോക്കുന്പോൾ അവളുടെ എല്ലാം അതിശയമായി തോന്നുമെന്ന ഭാവന വൈരമുത്തു അതിമനോഹരമായി വരച്ചിടുന്നു. വൈഷ്ണവിയെ കണ്ട രാമനാഥനെക്കൊണ്ട് അൻപേ അൻപേ കൊല്ലാതെ എന്നു പാടിച്ചതും ആ അദ്ഭുതസൗന്ദര്യമാണ്.
കല്ലും മണ്ണും കടലും ഉണ്ടാകുന്നതിനു മുന്പേയുള്ള ഈ പ്രണയം അദ്ഭുതമാണ്. പതിനാറു വയസിൽ ഹൃദയത്തിൽ പൂത്തുലയുന്ന പ്രണയം അതിശയമാണെന്നു പറയുന്പോൾ കാലത്തിനും പ്രായഭേദങ്ങൾക്കുമപ്പുറം വൈരമുത്തുവിന്റെ കവിതയിലെ പ്രണയം അദ്ഭുതമാകുന്നു. ലോകത്തിലെ ഓരോ അദ്ഭുതങ്ങളെയും വിവരിക്കുന്ന വിശ്വനാഥൻ ഒടുവിൽ ഈ അദ്ഭുതങ്ങളെയെല്ലാം അതിശയിപ്പിക്കുന്ന തന്റെ അദ്ഭുതമായാണ് മധുമിതയെ വിശേഷിപ്പിക്കുന്നത്.
ഏഴ് അദ്ഭുതങ്ങൾക്കുമപ്പുറം, സംസാരിക്കുന്ന പുഷ്പമായ അവൾ തന്നെയാണ് എട്ടാമത്തെ അതിശയം. ആകാശം തിളങ്ങുന്ന അവളുടെ കണ്ണുകൾ, തേൻ തുടിക്കുന്ന കവിളുകൾ, പാൽ കുടിക്കുന്ന ചുണ്ടുകൾ, കിരീടം പോലെയുള്ള ഭംഗിയുള്ള കൈനഖങ്ങൾ, മേനിയുടെ അഴകളവുകൾ എല്ലാം അവന് അതിശയമാണ്.
അദ്ഭുതങ്ങൾ വിവരിച്ച ശേഷം വൈരമുത്തു പറയുന്നു- നിനൈത്താൽ നിനൈത്താൽ അതിശയമേ.. ശരിയാണ്, ഓസ്കർ വരെ കീഴടക്കിയ റഹ്മാന്റെ മാന്ത്രിക സംഗീതവും ശങ്കറിന്റെ ബ്രഹ്മാണ്ഡ ഫ്രെയിമുകളും… ചിന്തിക്കുന്തോറും അദ്ഭുതങ്ങൾ ഏറിവരികയാണ്…