സ്വന്തം ലേഖകൻ
തൃശൂർ: ഹൈ ഡെഫനിഷൻ ക്വാളിറ്റിയിൽ ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്താൽ സെക്കൻഡുകൾകൊണ്ട് തീരാവുന്നതേയുള്ളൂ വണ്‍ ജിബി ഡാറ്റ. പക്ഷേ, ജെബിൻ മാക്സി എന്ന പതിനഞ്ചുകാരന്റെ ജീവിതം മാറ്റിമറിച്ചതു മാസം ഒരു ജിബി ക്വാട്ടയിൽ കിട്ടിയിരുന്ന ഇന്റർനെറ്റാണ്. തന്റെ സ്വപ്നങ്ങൾക്കും ശാസ്ത്രാന്വേഷണങ്ങൾക്കും പതിനഞ്ചാം വയസിൽ കിട്ടിയ ലാപ്ടോപ്പും ഇന്റർനെറ്റ് കണക്ഷനും ഉൗർജമായപ്പോൾ വണ്‍ ജിബി ജെബിനു സ്വപ്നലോകത്തേക്കുള്ള ടിക്കറ്റായി മാറി. അവ യാഥാർത്ഥ്യമായപ്പോൾ ജെബിൻ എന്ന മലയാളിപ്പയ്യൻ അമേരിക്കയിലെ പേരുകേട്ട ശാസ്ത്രജ്ഞർക്കൊപ്പമിരുന്നു തന്റെ സ്വപ്നപദ്ധതികൾ വിവരിച്ചു.
ലോകം ഇന്ധന പ്രതിസന്ധി നേരിടുന്ന ഈ കാലത്ത് അന്‍പതുശതമാനം വരെ കുറഞ്ഞ ഇന്ധന ഉപഭോഗമുള്ള എൻജിൻ യാഥാർഥ്യമാക്കിയാണ് തൃശൂർ സ്വദേശിയായ ജെബിൻ ആഗോളതലത്തിൽ ശ്രദ്ധനേടിയത്. മോട്ടോർവാഹന രംഗത്തെ ഭാവിയാകാൻ ഉതകുന്ന ഇന്റഗ്രേറ്റഡ് ലീനിയർ ഹൈബ്രിഡ് എൻജിൻ എന്ന സാങ്കേതികവിദ്യയുടെ പേറ്റന്റും ഇന്നു ജെബിന്റെ പേരിലാണ്.
നിലവിലുള്ള ഹൈബ്രിഡ് വാഹനങ്ങൾ പെട്രോളിലും വൈദ്യുതിയിലുമായുള്ള രണ്ട് വ്യത്യസ്ത എൻജിനുകളിലായാണ് പ്രവർത്തിക്കുന്നതെങ്കിൽ ഇത്തരം രണ്ട് എൻജിനുകളെയും ഒരുമിപ്പിച്ച് ഒരൊറ്റ എൻജിൻ എന്ന ആശയമാണ് ജെബിൻ പ്രാവർത്തികമാക്കുന്നത്. ഇതോടെ വാഹനത്തിന്റെ ഭാരം കുറയ്ക്കുന്നതിനും കരുത്ത് ചോരാതെ തന്നെ ക്ഷമത വർധിപ്പിക്കുന്നതിനും സാധ്യമാകുന്നു.
ഇന്റഗ്രേറ്റഡ് ലീനിയർ പാരലൽ ഹൈബ്രിഡ് എൻജിൻ ആശയം പത്താംക്ലാസിൽ പഠിക്കുന്പോഴാണ് ജെബിൻ തയാറാക്കിയത്. അമേരിക്കയിലും യൂറോപ്പിലുമുള്ള നിരവധി സംരംഭകർക്കു തന്റെ കണ്ടുപിടിത്തത്തിന്റെ സ്കെച്ചും വിശദാംശങ്ങളും അയച്ചുകൊടുത്തെങ്കിലും മറ്റൊരു രാജ്യത്തുനിന്നുള്ള പതിനഞ്ചുകാരന്റെ ആശയം തുടക്കത്തിൽ എവിടെയും സ്വീകരിക്കപ്പെട്ടില്ല. എന്നാൽ തന്റെ സ്വപ്നങ്ങൾ കൈവിടാൻ ജെബിൻ ഒരുക്കമായിരുന്നില്ല.
രണ്ടു വർഷത്തിനിപ്പുറം ചേസ് ഫ്രേസർ എന്ന അമേരിക്കൻ സംരംഭകനുമായി തന്റെ ആശയങ്ങൾ പങ്കുവച്ചതു ജെബിന്റെ ജീവിതത്തിൽ വഴിത്തിരിവായി. പയ്യൻ പറയുന്നതിൽ കാര്യമുണ്ടെന്നു മനസിലാക്കിയ ചേസ്, അമേരിക്കയിൽ നടന്ന ഒരു സ്റ്റാർട്ട് അപ്പ് സമ്മേളനത്തിലേക്ക് ജെബിനെ ക്ഷണിക്കുകയായിരുന്നു. ആഗോള സംരംഭകരംഗത്തെ പ്രമുഖർ പങ്കെടുത്ത ആ സമ്മേളനത്തിൽവച്ച് ഊബർ ഉൾപ്പെടെയുള്ള വന്പൻ കന്പനികൾക്ക് അടിത്തറയിട്ട ടെക്സ്റ്റാറിന്റെ സ്ഥാപകൻ ഡേവിഡ് കോഹനെ ജെബിനു പരിചയപ്പെടാനായി. പിന്നീട് ടെക്സ്റ്റാറിന്റെ പിന്തുണയോടെ തന്റെ സ്വപ്ന സാക്ഷാത്കാരത്തിന് മാഗ്ലെവ് മോട്ടേസ് എന്ന സ്റ്റാർട്ട് അപ്പ് കന്പനി സ്ഥാപിക്കുന്പോൾ ജെബിനു വയസ് 19. ജെബിന്റെ ആശയങ്ങളിൽ ആകൃഷ്ടനായ അമേരിക്കൻ ശാസ്ത്രജ്ഞൻ ജോണ്‍ ബോൾമാനെ പങ്കാളിയാക്കിയായിരുന്നു സംരംഭം.
രണ്ടു വർഷത്തെ ഗവേഷണത്തിനൊടുവിൽ ഇരുവരും ചേർന്ന് ഇന്റഗ്രേറ്റഡ് ലീനിയർ ഹൈബ്രിഡ് എൻജിന്റെ ആദ്യ രൂപം തയാറാക്കുകയും അതിനു പേറ്റന്റ് നേടിയെടുക്കുകയും ചെയ്തു.
20 ശതമാനം മുതൽ 50 ശതമാനം വരെ ഇന്ധനക്ഷമത അവകാശപ്പെടുന്നവയാണ് ജെബിൻ രൂപകല്പന ചെയ്തിരിക്കുന്ന എൻജിൻ. ഇതിന്റെ പേറ്റന്റ് സ്വന്തമാക്കിക്കഴിഞ്ഞെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ ഇവ വിൽപനയ്ക്കെത്തിക്കുന്നതിനു കടന്പകൾ ഇനിയുമേറെയുണ്ട്. പത്തുവർഷത്തിനകം തന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കാറുകൾ നിരത്തുകൾ കീഴടക്കുമെന്ന ആത്മവിശ്വാസം ജെബിൻ പങ്കുവയ്ക്കുന്നു.
സ്വപ്നങ്ങൾ വെട്ടിപ്പിടിക്കാൻ ഒൗദ്യോഗിക വിദ്യാഭ്യാസ യോഗ്യത ഒരു മാനദണ്ഡമേയല്ലെന്നു തെളിയിക്കുക കൂടിയാണ് ഈ ചെറുപ്പക്കാരൻ. ഇപ്പോൾ 22 വയസുള്ള ജെബിൻ ഒൗദ്യോഗിക വിദ്യാഭ്യാസം പ്ലസ്ടുവിൽ അവസാനിപ്പിച്ച് തന്റെ സ്വപ്നങ്ങളെ പിന്തുടരാനിറങ്ങുകയായിരുന്നു. ആഗോള വന്പൻ കന്പനികളുടെ സിഇഒമാരും എൻജനിയറിംഗ് രംഗത്തെ ഗവേഷകരും ശാസ്ത്രജ്ഞരും അംഗങ്ങളായ ബ്ലാക് ബോക്സ് കമ്യൂണിറ്റിയിൽ അംഗമാണിപ്പോൾ ജെബിൻ. ബ്ലാക്ക്ബോക്സിൽ അംഗമാവുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനും ഒരുപക്ഷേ ജെബിനായിരിക്കാം. 21-ാം വയസിലാണ് അംഗീകാരം ജെബിനെ തേടിയെത്തിയത്. ഗൂഗിളിന്റെ ഇൻവെന്റേഴ്സ് ലിസ്റ്റിലും ജെബിനെ കാണാം.
ചെന്നൈയിൽ ഫ്രീലാൻസായി മാനേജ്മെന്റ് കണ്‍സൾട്ടൻസി നടത്തുന്ന പുലിക്കോട്ടിൽ ചിമ്മൻ വീട്ടിൽ മാക്സി മാത്യുവാണ് ജെബിന്റെ പിതാവ്. അമ്മ ആലീസ് മാക്സി. ചെന്നൈയിലായിരുന്നു ജെബിന്റെ വിദ്യാഭ്യാസം.