ആലുവ: സംസ്ഥാന മഹിളാ കോൺഗ്രസ് നായികയായി ഇനി ആലുവ നഗരസഭാ വൈസ് ചെയർപേഴ്സൺ ജെബി മേത്തർ. പ്രസിഡന്റായിരുന്ന ലതികാ സുഭാഷ് പാർട്ടി മാറി എൻസിപിയിലേക്കു പോയതിനെത്തുടർന്ന് പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു.
പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് ജെബിയെ മഹിളാ കോൺഗ്രസ് അധ്യക്ഷയായി നിയമിച്ചത്.യൂത്ത് കോൺഗ്രസ് മുൻ അഖിലേന്ത്യാ സെക്രട്ടറിയായിരുന്നു. നിലവിൽ കെപിസിസി സെക്രട്ടറിയും എഐസിസി അംഗവുമാണ്.
അഭിഭാഷകയായ ജെബി യൂത്ത് കോൺഗ്രസിലൂടെ മികച്ച സംഘാടകയാണെന്ന് കഴിവ് തെളിയിച്ചതാണ്. മുൻ എംഎൽഎയും ആദ്യ കെപിസിസി പ്രസിഡന്റുമായിരുന്ന ടി.ഒ. ബാവയുടെ ചെറുമകളാണ്. മുൻ കെപിസിസി ജനറൽ സെകട്ടറി കെ.എം.ഐ. മേത്തറാണ് പിതാവ്.
അമൃത ആശുപത്രിയിലെകാർഡിയോളജിസ്റ്റ് ഹിഷാം അഹമ്മദാണ് ഭർത്താവ്. ആലുവയിൽ മോഫിയാ എന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ കുത്തിയിരിപ്പു സമരത്തിൽ ജെബി മേത്തറും മുൻപന്തിയിലുണ്ടായിരുന്നു.
ബെന്നി ബഹന്നാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം.ജോൺ എന്നിവരോടൊപ്പം മൂന്നു പകലും രണ്ട് രാത്രിയും നീണ്ടുനിന്ന സമരത്തിൽ മുഴുവൻ സമയ വനിതാ സാന്നിധ്യമായി മാറിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സമീപകാലത്ത് ശക്തമായിക്കൊണ്ടിരിക്കുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരേ ഉയർന്നുവരുന്ന ബഹുജന പ്രക്ഷോഭത്തിന്റെ മുൻനിരയിലും ജെബി മേത്തർ സജീവമാണ്. മൂന്നാം വട്ടമാണ് ജെബി ആലുവ നഗരസഭാ കൗൺസിലറാകുന്നത്.