ന്യൂഡൽഹി: ധൻബാദിൽ പ്രഭാത സവാരിക്കിറങ്ങിയ ജഡ്ജിയെ പുലർച്ചെ ഓട്ടോ ഇടിപ്പിച്ചു കൊന്നു. ധൻബാദിലെ ജില്ലാ അഡീഷണൽ ജഡ്ജി ഉത്തം ആനന്ദ്(49) ആണ് മരിച്ചത്.
അജ്ഞാതവാഹനമിടിച്ചെന്നായിരുന്നു പോലീസിന്റെ ആദ്യ വിശദീകരണം. എന്നാൽ, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം കൊലപാതകമാണെന്നു വ്യക്തമായി.
രാവിലെ അഞ്ചിന് തിരക്കില്ലാത്ത റോഡിലൂടെ നടക്കുകയായിരുന്ന ജഡ്ജിയെ പിന്നാലെ വന്ന ഓട്ടോറിക്ഷ ഇടിച്ചിടുകയായിരുന്നു. അപകടമുണ്ടാക്കിയശേഷം വാഹനം നിർത്താതെ പോവുകയും ചെയ്തു.
വാഹനമിടിച്ചു ഗുരുതരമായി പരിക്കേറ്റ ജഡ്ജിയെ നാട്ടുകാരിലൊരാളാണ് ആശുപത്രിയിലെത്തിച്ചത്. തിരിച്ചറിയാൻ കഴിയാതെ മൃതദേഹം ദീർഘസമയം ആശുപത്രിയിൽ കിടന്നു.
രാവിലെ ഏഴോടെ ഉത്തം ആനന്ദിന്റെ കുടുംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയതോടെയാണ് മരിച്ചത് ജില്ലാ ജഡ്ജിയാണെന്നു തിരിച്ചറിഞ്ഞത്. അപകടമുണ്ടാക്കിയ വാഹനം മോഷ്ടിക്കപ്പെട്ടതാണെന്നും കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് ലഖൻ കുമാർ വർമ, രാഹുൽ വർമ എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരും കുറ്റസമ്മതം നടത്തിയതായും പോലീസ് പറയുന്നു. സംഭവത്തിൽ ജാർഖണ്ഡ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
അഡീഷണൽ ജില്ലാ ജഡ്ജി ഉത്തം ആനന്ദിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ വികാസ് സിംഗ് ഇന്നലെ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിന്റെ മുന്നിലാണു വിഷയം ഉന്നയിച്ചത്. ജഡ്ജിയുടെ കൊലപാതകം ജുഡീഷറിയുടെ നേർക്കുള്ള കടന്നാക്രമണമാണെന്നു വികാസ് സിംഗ് ചൂണ്ടിക്കാട്ടി.