അവധി ആഘോഷിക്കാനെത്തിയതായിരുന്നു പക്ഷേ, അതു അവസാന യാത്രയായി മാറി. വിവാഹ നിശ്ചയം കഴിഞ്ഞ ഗൗട്ടെങ്ങ് സ്വദേശികളായ ജീൻ വോസ്ലൂ (25), മാരി ഹൂണ്‍ (28) എന്നിവർ കരീദോവിൽനിന്ന് 11 മൈൽ അകലെയുള്ള ഫാമിലുള്ള ഹോട്ടലിൽ ഒരു സുഹൃത്തിനോടൊപ്പം ഒരു ചെറിയ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു.
പക്ഷേ, ഷവറിനു താഴെ മരിച്ചനിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. നഗ്നരായ നിലയിലാണ് ഇരുവരെയും കാണപ്പെട്ടത്. കുളിക്കുന്നതിനിടയിലാണ് മരണമെന്നാണ് സംശയിക്കപ്പെട്ടത്.
അന്വേഷണ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയ കേസ് ആയിരുന്നു ഇത്. കാരണം ദന്പതികളുടെ ശരീരത്തിൽ യാതൊരുവിധ പരിക്കുകളും ഉണ്ടായിരുന്നില്ല. ഷോക്ക് ഏൽക്കാനുള്ള സാധ്യതകളും ഇല്ല. പിന്നെങ്ങനെ രണ്ടുപേരും മരിച്ചു എന്നതായിരുന്നു സംഘത്തെ കുഴക്കിയ ചോദ്യം.
വിദഗ്ധ പരിശോധനയിൽ കാർബൺ മോണോക്സൈഡ് വാതകം ശ്വസിച്ചതാണ് ദുരന്തകാരണമെന്നു കണ്ടെത്തി.ഷവറിൽനിന്നാണ് വിഷവാതകം വമിച്ചതെന്നും സംഘം വിലയിരുത്തി.
എങ്ങനെയാണ് ഷവറിലൂടെ വിഷവാതകം വമിച്ചതെന്നതായിരുന്നു അടുത്ത ചോദ്യം. ഗ്യാസ് ബോയിലറിലെ തകരാർ മൂലമാകാം വിഷവാതകം വന്നതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, കൂടുതൽ അന്വേഷണത്തിൽ ഹോട്ടൽ ഉടമയെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേണ്‍ കേപ്പിലെ ക്ലിഫുയിസ് ഗസ്റ്റ്ഹൗസിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹോട്ടലുടമ 47കാരനായ കെവിൻ പ്രിട്ടോറിയസിനെതിരെയാണ് രണ്ടു കൊലപാതകത്തിലും പ്രതിയായി ചേർത്തിരിക്കുന്നത്.
സുഹൃത്തായ സ്റ്റീഫൻ തേടിയെത്തിയപ്പോഴാണ് കൂട്ടുകാരെ മരിച്ചനിലയിൽ ബാത്ത്റൂമിൽ കണ്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 26നു നടന്ന സംഭവത്തിൽ ഇപ്പോഴാണ് ഹോട്ടൽ ഉടമ അറസ്റ്റിലായത്.
പരിക്കുകളൊന്നുമില്ല
പരിക്കുകളൊന്നും ഇല്ലാതെയുള്ള മരണത്തിൽ സംശയം തോന്നിയ പോലീസ് അന്വേഷണം ആരംഭിച്ചു. അങ്ങനെയാണ് ടോക്സിക്കോളജി റിപ്പോർട്ടിൽ കാർബണ്‍ മോണോക്സൈഡ് വിഷബാധ മൂലമാണ് മരിച്ചതെന്നും അവരുടെ രക്തത്തിൽ 70 ശതമാനത്തിലധികം മാരകമായ വാതകം അടങ്ങിയിരിക്കുന്നതായും കണ്ടെത്തിയത്.
തീ കത്തുന്പോൾ ആവശ്യത്തിന് ഓക്സിജൻ ഇല്ലാതെ വരുന്പോഴാണ് സൈലന്റ് കില്ലർ എന്നറിയപ്പെടുന്ന കാർബണ്‍ മോണോക്സൈഡ് ഉണ്ടാകുന്നത്. ഇതു ശരീരത്തിൽ പ്രവേശിക്കുന്പോൾ ചുവന്ന രക്താണുക്കൾ ഓക്സിജൻ പ്രവഹിപ്പിക്കുന്നതു തടഞ്ഞു ശരീരത്തെ വിഷലിപ്തമാക്കും.
പ്രിയപ്പെട്ടവർ
സാക്ഷികളുടെയും വിദഗ്ധരുടെയും മൊഴി പിന്തുടർന്നാണ് പോലീസുകാർ പ്രിട്ടോറിയസിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയത്.അറസ്റ്റിനെത്തുടർന്നു ചൊവ്വാഴ്ച ഹ്യൂമൻസ്ഡോർപ്പിലെ കോടതിയിൽ ഇയാളെ ഹാജരാക്കി.
മനപ്പൂർവം ചെയ്താലല്ലാതെ ഷവറിൽകൂടി കാർബൺ മോണോക്സൈഡ് പ്രവഹിക്കാൻ സാധ്യതയില്ലെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വളരെ ആസൂത്രിതമായാണ് ഇവരെ വകവരുത്തിയെന്നും അന്വേഷണ സംഘം വിലയിരുത്തി.
കാർഷിക ബിരുദധാരിയായ വോസ്ലൂവും ബിസിനസ് മാനേജ്മെന്റ് പഠിച്ച ഹൂനും കഴിഞ്ഞ മാസം വിവാഹിതരാകേണ്ടതായിരുന്നു.
എങ്ങനെ സംഭവിച്ചു?
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ ഗ്യാസ് ബോയിലറാണ് മരണത്തിനു കാരണമെന്നാണ് വിശ്വസിച്ചിരുന്നത്. പിന്നീടു കൊലയാളിയിലേക്ക് എത്തിച്ച ആരോപണങ്ങളും കാരണങ്ങളുമെന്താണെന്നു അന്വേഷണ സംഘം പൂർണമായി വെളിപ്പെടുത്തിയിട്ടില്ല.
ജാമ്യം ലഭിച്ച പ്രതി 24ന് കോടതിയിൽ ഹാജരാകണം. അതേസമയം, സംഭവത്തെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കാൻ പ്രതി തയാറായില്ല.