കൊച്ചി: പുതുമുഖ നടിയുടെ പരാതിയിൽ സംവിധായകൻ ജീൻ പോൾ ലാലിനെ ചോദ്യം ചെയ്യും. സിനിമയിൽ അഭിനയിച്ചതിനു പ്രതിഫലം ചോദിച്ച നടിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന പരാതിയിലാണ് ചോദ്യം ചെയ്യുന്നത്. അനുവാദമില്ലാതെ ഡ്യൂപ്പിനെ വച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു.
ജീൻപോൾ ലാൽ സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ “ഹണീബീ-2′ എന്ന സിനിമയിൽ അഭിനയിച്ച നടിയാണു കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയത്. ജീൻ പോളിനു പുറമേ ചിത്രത്തിലെ അഭിനേതാക്കളായ ശ്രീനാഥ് ഭാസി, അനിരുദ്ധ്, അനൂപ് എന്നിവർക്കെതിരെയും നടി പരാതി നൽകിയിരുന്നു.
2016 നവംബർ 16-നാണ് കേസിനാസ്പദമായ സംഭവമെന്നും പ്രതിഫലം നൽകിയില്ലെന്നു മാത്രമല്ല, ഇതു ചോദിച്ചപ്പോൾ നടനും സംവിധായകനുമായ ലാലിന്റെ മകൻ ജീൻപോൾ ലാൽ ഉൾപ്പടെ നാലുപേർ അശ്ലീലച്ചുവയോടെ സംസാരിക്കുകയായിരുന്നുവെന്നും നടിയുടെ പരാതിയിൽ പറയുന്നു. പനങ്ങാട് റമദ ഹോട്ടലിൽവച്ചായിരുന്നു സംഭവം.