കൊച്ചി: നടൻ ലാലിന്റെ മകനും സംവിധായകനുമായ ജീൻ പോൾ (ലാൽ ജൂണിയർ) ഉൾപ്പെടെ നാലു പേർക്കെതിരേ യുവനടി നൽകിയ പരാതിയിൽ ഹണീ ബീ ടു സിനിമ അണിയറ പ്രവർത്തകരുടെ മൊഴിയെടുക്കൽ തുടരുന്നു. സിനിമയുടെ ഷൂട്ടിംഗ് സമയത്തു സെറ്റിലുണ്ടായ സംഭവങ്ങൾ അറിയുന്നതിനാണ് അണിയറ പ്രവർത്തകരുടെ മൊഴിയെടുക്കുന്നത്.
ഷൂട്ടിംഗ് സമയത്തു ചില പ്രശ്നങ്ങളുണ്ടാവുകയും നടി സെറ്റിൽനിന്നു പോവുകയുമായിരുന്നുവെന്നു കഴിഞ്ഞ ദിവസം സിനിമയുടെ മേക്കപ്മാൻ മൊഴി നൽകിയിരുന്നു. അണിയറ പ്രവർത്തരോടു ചോദിക്കുന്പോഴും ഈ മറുപടികൾ തന്നെയാണു പോലീസിനു ലഭിക്കുന്നത്.
സിനിമയിൽ നടിയുടെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നുള്ള പരാതിയിൽ കഴന്പുണ്ടെന്നു പോലീസ് നേരത്തതന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ജീൻപോൾ അടക്കമുള്ളവരെ കസ്റ്റഡിയിലെടുക്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.പി. ഷംസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ നടിയുടെ മൊഴിയിൽ പറയുന്ന കാര്യങ്ങൾ സത്യമാണെന്നു മനസിലാക്കാനായെങ്കിലും കൂടുതൽ തെളിവുകൾക്കു വേണ്ടിയാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. സിനിമയുടെ സെൻസർ കോപ്പി ലഭിക്കാനുള്ള നടപടികളും പോലീസ് സ്വീകരിച്ചിട്ടുണ്ട്.
നടി അഭിനയിക്കാൻ വിയോജിപ്പ് പ്രകടിപ്പിച്ച രംഗമാണു മറ്റൊരാളെ ഉപയോഗിച്ചു ചിത്രീകരിച്ചശേഷം സിനിമയിൽ ഉപയോഗിച്ചത്. കൊച്ചി റമദ ഹോട്ടലിൽ സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. ഹോട്ടലിന്റെ പുറംഭാഗം വിമാനത്താവളമായാണു ചിത്രീകരിച്ചത്. ഇതിനിടെ, സഹസംവിധായകൻ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും താൻ വിയോജിപ്പറിയിച്ച രംഗം ഡ്യൂപ്പിനെവച്ചു ചിത്രീകരിച്ചു സിനിമയിൽ ഉപയോഗിച്ചുവെന്നുമാണു നടിയുടെ പരാതി.