കൊച്ചി: നടൻ ലാലിന്റെ മകനും സംവിധായകനുമായ ജീൻ പോൾ (ലാൽ ജൂണിയർ) ഉൾപ്പെടെ നാലു പേർക്കെതിരേ യുവനടി നൽകിയ പരാതിയിൽ പ്രതികളെ ചോദ്യം ചെയ്യുന്നത് അനിവാര്യമെന്നു പോലീസ്. സംവിധായകൻ ജീൻപോൾ, നടൻ ശ്രീനാഥ് ഭാസി, അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, സഹസംവിധായകൻ അനിരുദ്ധൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. പ്രതികൾക്കു ജാമ്യം നൽകരുതെന്നു കോടതിയെ പോലീസ് അറിയിച്ചു. കേസിലെ പ്രതികൾ ഉന്നത സ്വാധീനമുള്ളവരും സിനിമാമേഖലയിൽ സജീവമായി പ്രവർത്തിക്കുന്നവരുമാണെന്നും അന്വേഷണവുമായി സഹകരിക്കാത്ത ഇവർക്കു ജാമ്യം നൽകിയാൽ സിനിമാ മേഖലയിൽനിന്നുള്ള സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നുമാണു പോലീസിന്റെ വാദം.
ജാമ്യാപേക്ഷയിൽ ഏഴിനു കൂടുതൽ വാദം കേൾക്കും. കേസിൽ അണിയറ പ്രവർത്തകരുടെ മൊഴിയെടുപ്പും തെളിവെടുപ്പുമായി പോലീസ് മുന്നോട്ടു പോവുകയാണെന്ന് അന്വേഷണ ചുമതലയുള്ള തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.പി. ഷംസ് പറഞ്ഞു. അഭിനയിച്ചതിനുള്ള പ്രതിഫലം നൽകിയില്ലെന്നും സഹസംവിധായകൻ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും അനുവാദമില്ലാതെ തനിക്കു പകരം ഡ്യൂപ്പിനെ ഉപയോഗിച്ചു ചിത്രീകരണം നടത്തിയെന്നുമാണു യുവനടിയുടെ പരാതി.