കോട്ടയം: പൊള്ളലേറ്റു മരിച്ച വിദ്യാർഥിനിയുടെ സംസ്കാരം ഇന്നു നടക്കും. കോട്ടയം പൊൻപള്ളി ചെന്പോലയിൽ കൊച്ചുപറന്പിൽ ജോസിന്റെയും പരേതയായ ജയമോളുടെയും മകൾ ജീന(അമ്മു- 19)യാണ് മരിച്ചത്.
ഇന്നലെ രാവിലെ 11നാണ് അപകടമുണ്ടായത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് അടുക്കളയിലെ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്നാണ് വിദ്യാർഥിനിയ്ക്കു പൊള്ളലേറ്റത്.
വീടിനുള്ളിൽ നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ടെത്തിയ അയൽവാസി ഉടൻ തന്നെ പഞ്ചായത്തംഗത്തെ വിവരമറിയിച്ചു. തുടർന്നു ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ വിദ്യാർഥിനിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒന്‍പതോടെ മരണം സംഭവിച്ചു.
ഏറ്റുമാനൂർ മജിസ്ട്രേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കാപ്പി ഇടുന്നതിനിടെ സ്റ്റൗവിൽ നിന്നും തീപടർന്നതാണെന്നുള്ള മരണമൊഴി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കാരിത്താസ് ആശുപത്രിയിലെ എൻഡോസ് സ്കോപി വിദ്യാർഥിനിയായിരുന്നു ജീന. കോട്ടയം ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിനും കോവിഡ് പരിശോധനകൾക്കുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനല്‍കും. സംസ്കാരം ഇന്നു 2.30നു കാഞ്ഞിരത്തുംമൂട് യഹോവ സാക്ഷികളുടെ സെമിത്തേരിയിൽ നടക്കും.