വ്യത്യസ്തങ്ങളായ കാൻവാസിൽ വിടർന്ന ചിത്രങ്ങൾക്ക് അംഗീകാരം. മണ്ണുത്തി പാങ്ങാമഠത്തിൽ നിയാസ് ഉമ്മറിന്റെ ഭാര്യയും ഗണിത ശാസ്ത്ര അധ്യാപികയുമായ ജീനയാണു വിവിധ മാധ്യമങ്ങളിൽ ചിത്രങ്ങൾ പകർത്തിയത്.
കോവിഡിന്റെ വിരസത മറികടക്കുന്നതിനൊപ്പം ആരോഗ്യ പ്രവർത്തകർക്ക് ആത്മവീര്യം പകരാൻ കോവിഡ് വാർത്തകൾ നിരത്തി 24 ചതുരശ്ര അടി വിസ്തീർണത്തിൽ തയാറാക്കിയ മുഖ്യമന്ത്രിയുടെ ചിത്രം ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിലും ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡിലും ഇടംനേടി.
അന്പതര മീറ്റർ നീളത്തിലും ഒരടി വീതിയിലുമുള്ള കറുത്ത കാൻവാസിൽ കോവിഡ് വാർത്തകളെ കൊണ്ടു നിർമിച്ച ചിത്രവും ഏഷ്യൻ ബുക്ക് ഓഫ് റിക്കാർഡിലും ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിലും ഇടംപിടിച്ചു.
19278 ബട്ടണുകൾ കൊണ്ട് 24 അടി വിസ്തീർണത്തിലുള്ള കാൻവാസിൽ തീർത്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ ചിത്രവും ഏഷ്യൻ ബുക്കിന്റെ അംഗീകാരം നേടി. ഈ ചിത്രത്തിന് ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡും ലഭിച്ചു.
എം.ടി. വാസുദേവൻ നായർ, എ.പി.ജെ. അബ്ദുൾകലാം, ശ്രീകുമാരൻ തന്പി, ആർട്ടിസ്റ്റ് നന്പൂതിരി, മന്ത്രി ശൈലജ എന്നിവരുടെ ചിത്രങ്ങളും ജീനയുടെ കാൻവാസിൽ ഇടം പിടിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ചിത്രങ്ങൾ വിലയിരുത്തി അംഗീകാരങ്ങൾ പ്രഖ്യപിച്ചത്. ബഹറിനിൽ ജോലി ചെയ്യുന്ന നിയാസ് ഉമ്മറിന്റെയും മക്കളായ അജ്മൽ, അൻഹാർ, അയ്ഷ എന്നിവരുടെ പ്രോത്സാഹനവും ജീനയ്ക്കുണ്ട്.