ശബരിമല: ദര്ശനത്തിനെത്തുന്നതിനിടെ കുഴഞ്ഞുവീണും ഹൃദയാഘാതം അനുഭവപ്പെട്ടും മരണത്തെ മുഖാമുഖം കണ്ടവരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് അടിയന്തര ജീവന്‍രക്ഷാ വാഹനം. ഇതിനകം 50ലധികം പേരാണ് മരണത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇതിനായി വാഹനം 45 തവണ പമ്പയിലേക്കും തിരിച്ചും സര്‍വീസ് നടത്തി. ഹൃദോഗ മരണനിരക്ക് കൂടിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് നിര്‍ദേശപ്രകാരം സന്നിധാനത്ത് അടിയന്തിര ജീവന്‍രക്ഷാ വാഹനം സജ്ജമാക്കിയത്. കോയമ്പത്തൂരിലെ തീര്‍ഥാടകരാണ് ഇത് സൗജന്യമായി നല്‍കിയത്.
കഴിഞ്ഞമാസം 20നാണ് ആദ്യമായി വാഹനം ഉപയോഗിക്കുന്നത്. സ്ഥിരം ഡ്രൈവറില്ലാത്തതിനാല്‍ അരവണ പ്ലാന്റിലെ ജീവനക്കാരനായ ഡി. സുരേഷാണ് കുഴഞ്ഞുവീണ തീര്‍ഥാടകനെ വാഹനത്തില്‍ പമ്പയിലെത്തിച്ചത്. മാസപൂജകള്‍ക്കും വാഹനസൗകര്യം ലഭ്യമാക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ഡലപൂജയ്ക്ക് തലേന്ന് ബാരിക്കേഡ് തകര്‍ന്ന് 31 പേര്‍ക്ക് പരിക്കേറ്റ ഏറെ ഗുരുതരാവസ്ഥയിലായ നാലുപേരെ പമ്പയിലെത്തിച്ചതും ഈ വാഹനത്തിലായിരുന്നു.