സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുന്നു. മലബാർ മേഖലയിൽ മഴ കനത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതിയും കടലാക്രമണവും റിപ്പോർട്ട് ചെയ്തു. കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ ഉളിക്കൽ മണിക്കടവിൽ ജീപ്പ് പുഴയിലേക്കു മറിഞ്ഞ് ഒരാളെ കാണാതായി.
ജീപ്പിലുണ്ടായിരുന്ന മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷ് കാരിത്തടത്തിലി (31) നെയാണ് കാണാതായത്. ജീപ്പ് ഓടിച്ചിരുന്ന ഷാജു കാരിത്തടം, വിൽസൺ പള്ളിപ്പുറം, ജോയിലറ്റ് എന്നിവർ നീന്തിരക്ഷപ്പെട്ടു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. മാട്ടറയിൽനിന്ന് മണിക്കടവിലേക്ക് ചപ്പാത്ത് വഴി കടന്നുപോകുകയായിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ചപ്പാത്തിനു മുകളിലൂടെ കുത്തിയൊഴുകിയ വെള്ളത്തിൽപ്പെട്ട ജീപ്പ് തെന്നി പുഴയിലേക്ക് മറിയുകയായിരുന്നു.
ഇരിട്ടിയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും ഉളിക്കൽ പോലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും വൈകുന്നേരം വരെ കുത്തൊഴുക്കിൽപ്പെട്ട ലിധീഷിനെയും വെള്ളത്തിൽ മുങ്ങിപ്പോയ ജീപ്പും കണ്ടെത്താനായിട്ടില്ല. പുഴയിൽ ഇറങ്ങിയുള്ള തെരച്ചിൽ പ്രതികൂല കാലാവസ്ഥയും ശക്തമായ കുത്തൊഴുക്കും കാരണം വൈകുന്നേരത്തോടെ നിർത്തിവച്ചു. ജീപ്പിലുണ്ടായിരുന്ന എല്ലാവരും വയറിംഗ് തൊഴിലാളികളാണ് .
എറണാകുളം വൈപ്പിനിൽ തമിഴ്നാട് സ്വദേശി തങ്കവേലു (32) മതിൽ ഇടിഞ്ഞുവീണ് മരി ച്ചു. ഇരിട്ടി-വീരാജ്പേട്ട ചുരം റോഡ് മണ്ണിടിച്ചിൽ ഭീഷണിയിലാണ്. മരം കടപുഴകി വീഴുന്നതും യാത്രക്കാർക്ക് ഭീഷണിയാകുന്നുണ്ട്. കനത്ത മഴയിൽ റോഡിലേക്ക് കല്ലും മണ്ണും വീണതിനെത്തുടർന്ന് കണ്ണൂർ ജില്ലയിൽനിന്ന് വയനാട്ടിലേക്കുള്ള കൊട്ടിയൂർ-പാൽച്ചുരം റോഡ് താത്കാലികമായി അടച്ചു.
കണ്ണൂർ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ രണ്ടുദിവസം മുമ്പ് രൂപപ്പെട്ട വെള്ളക്കെട്ട് ഇനിയും താഴ്ന്നിട്ടില്ല. തളാപ്പ്, താവക്കര, അണ്ടർബ്രിഡ്ജ്, പടന്നപ്പാലം എന്നിവിടങ്ങളിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. കണ്ണൂരിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 80 പേരാണ് കഴിയുന്നത്. കാസർഗോഡ് ജില്ലയിലും കനത്ത മഴ തുടരുകയാണ്.