കണ്ണൂർ: വാഹനമിടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരനെ ആശുപത്രിയിലെത്തിച്ചശേഷം വിവരങ്ങൾ നൽകാതെ മുങ്ങിയ ഡ്രൈവറെ സമൂഹമാധ്യങ്ങളുടെ സഹായത്തോടെ പോലീസ് പിടികൂടി. ചട്ടുകപ്പാറയിലെ പി.കെ. മെഹറൂഫി (32) നെയാണ് കണ്ണൂർ ടൗൺ ട്രാഫിക് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ പരിക്കേറ്റ അഴീക്കോട് കൊട്ടാരത്തുംപാറയിലെ ചക്കരയൻ വത്സൻ (56) ഗുരുതരാവസ്ഥയിൽ കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.
ആശുപത്രിയിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ഒരാഴ്ചയായി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്. കഴിഞ്ഞ 15ന് രാത്രി 7.30നായിരുന്നു കേസിനാസ്പദമായ സംഭവം.
കണ്ണൂർ പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തുനിന്ന് കാൾടെക്സ് ജംഗ്ഷനിലേക്ക് വൺവേ തെറ്റിച്ചുവരികയായിരുന്ന ബൊലേറോ ജീപ്പാണ് അപകടത്തിനിടയാക്കിയത്. പരിക്കേറ്റ വത്സനെ മറ്റൊരുവാഹനത്തിൽ കണ്ണൂർ എകെജി ആശുപത്രിയിൽ എത്തിച്ചശേഷം മെഹറൂഫ് മുങ്ങുകയായിരുന്നു. ഫോൺ നന്പറോ വിലാസമോ മറ്റു വിവരങ്ങളോ ആശുപത്രിയിൽ നൽകിയിരുന്നില്ല.
തുടർന്ന് പോലീസ് ആശുപത്രിയിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചവരെ കണ്ടെത്തുകയുമായിരുന്നു. തുടർന്ന് ഈ ദൃശ്യങ്ങൾ സംസ്ഥാന വ്യാപകമായി പോലീസിന്റെ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നൽകി.
ഇതിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രാഫിക് എസ്ഐ എം.രാജേഷ്, സിവിൽ പോലീസ് ഓഫീസർ ഷിബു എന്നിവരടങ്ങുന്ന സംഘം ഇന്നലെ മെഹറൂഫിനെ അറസ്റ്റ് ചെയ്തത്. അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിനാലാണ് ഇയാൾക്കെതിരേ കേസെടുത്തിരിക്കുന്നത്.