ഹരിപ്പാട്: തുറമുഖ വകുപ്പിന്റെ ആലപ്പുഴ ഓഫീസിനു സമീപത്തുനിന്ന് മോഷണം പോയ ബോലേറോ ജീപ്പ് കുമാരപുരത്ത് ദേശീയപാതയോടു ചേർന്നുള്ള ഇടറോഡിൽ ഉപേക്ഷി ക്കപ്പെട്ട നിലയിൽ. കഴിഞ്ഞ ബുധനാഴ്ച രാത്രിയോടെയാണ് ജീപ്പ് മോഷണം പോയത്.
വ്യാഴാഴ്ച രാവിലെ ഓഫീസിലെ ജീവനക്കാരെത്തിയപ്പോഴാണ് ജീപ്പ് ഷെഡിൽനിന്നും മോഷണം പോയ വിവരം അറിയുന്നത്. ആലപ്പുഴ സൗത്ത് പോലീസിൽ പരാതി നൽകിയെങ്കിലും രാത്രി വരെ അന്വേഷണത്തിൽ പോലീസിന് ജീപ്പ് കണ്ടെത്താനായില്ല.
വെള്ളിയാഴ്ച പുലർച്ചെ സമീപത്തെ മസ്ജിദിൽ എത്തിയവരും നട്ടുകാരുമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ജീപ്പ് കണ്ടത്. സംശയം തോന്നിയ നാട്ടുകാർ ഹരിപ്പാട് പോലീസിൽ വിവരം നൽകിയിരുന്നു.
ഹരിപ്പാട് പോലീസാണ് ആലപ്പുഴ സൗത്ത് പോലീസിൽ വിവരം അറിയിച്ചത്. മോഷണം പോയ ജീപ്പാണെന്നറിഞ്ഞതോടെ സൗത്ത് പോലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. വിരലടയാള വിദഗ്ധർ പരിശോധന നടത്തി.
ചിത്ര രാമചന്ദ്രൻ, അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആലപ്പുഴ സിഐ രാജേഷും ഒപ്പമുണ്ടായിരുന്നു.