നെടുമ്പാശേരി: ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലെ മഹീന്ദ്ര ജീപ്പ് സര്‍വീസ് തുടങ്ങിയിട്ട് കാല്‍നൂറ്റാണ്ട് കഴിഞ്ഞെങ്കിലും ഇപ്പോഴും ആള് ‘പുലി’യാണ്.
മഹാപ്രളയങ്ങളെയും കോവിഡ് മഹാമാരിയെയും അതിജീവിച്ച് മുന്നേറുകയാണ് ചെങ്ങമനാട് ആശുപത്രിയിലെ ജീപ്പ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനത്തിന് 1995ലാണ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അന്നത്തെ പ്രധാന ആശുപത്രിയായിരുന്ന ചെങ്ങമനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് ജീപ്പ് അനുവദിച്ചത്.
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ചു പഞ്ചായത്തുകളിലെ പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് ഇന്നും ചെങ്ങമനാട് ആശുപത്രിയിലെ ജീപ്പാണ് ഉപയോഗിക്കുന്നത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിശ്രമമില്ലാതെയാണ് അന്നും ഇന്നും ജീപ്പ് സര്‍വീസ് നടത്തുന്നത്.
ചെങ്ങമനാട് ആശുപത്രിയില്‍ വാഹനം എത്തി വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് മറ്റ് പല ആശുപത്രികള്‍ക്കും വാഹനം അനുവദിച്ചത്.
വളരെ അപൂര്‍വമായി മാത്രമേ ചെങ്ങമനാട് ആശുപത്രിയിലെ ജീപ്പ് പണിമുടക്കുകയോ റോഡില്‍ കിടക്കുകയോ ചെയ്തിട്ടുള്ളൂവെന്നാണ് ഡ്രൈവര്‍ പി.എ. നസീര്‍ പറയുന്നത്. 15 വര്‍ഷം കഴിഞ്ഞപ്പോള്‍ എന്ജിന് റീകണ്ടീഷന്‍ ചെയ്താണ് ജീപ്പ് ഓടിക്കുന്നത്.