ആലപ്പുഴ: പെരുംജീരകം തീരദേശമണലിൽ വിളഞ്ഞത് നാട്ടുകാർക്കും വീട്ടുകാർക്കും കൗതുകമായി. മാരാരിക്കുളം തെക്കുപഞ്ചായത്ത് 12-ാം വാർഡിൽ പൂങ്കാവ് പറത്തറ വലിയവീട് സിബിച്ചൻ ജോസഫിന്റെ വീട്ടിലാണ് വീട്ടുകാർപോലും അറിയാതെ പെരുംജീരകം വളർന്നതും വിളഞ്ഞതും. വീടിനോടു ചേർന്നുള്ള പുരയിടത്തിൽ ഇവർ പച്ചക്കറികൃഷി നടത്തുന്നുണ്ട്.
വെണ്ടയ്ക്ക, ചീര, കപ്പ എന്നിവയ്ക്കിടയിലാണ് ജീരകവും പാകമായി നിൽക്കുന്നത്. നട്ടുവളർത്താതെ തന്നെ വളർന്നുവന്ന ഇനമേതെന്നറിയാതെ വീട്ടുകാർ വളമിടുകയും പരിപാലിക്കുകയും ചെയ്തു. പിന്നീടാണ് നാലടിയോളം ഉയരത്തിൽ മഞ്ഞപ്പൂക്കളോടുക്കൂടി വിളഞ്ഞു നിൽക്കുന്നത് പെരുംജീരകച്ചെടികളാണെന്ന് വ്യക്തമായത്. വിദേശത്ത് ജോലി ചെയ്യുന്ന സിബിച്ചന്റെ ഭാര്യ ബ്രൈറ്റിയാണ് കൃഷിയും മറ്റും നോക്കുന്നത്. ജീരകം കൃഷിചെയ്യാൻ മിതമായ കാലാവസ്ഥയാണ് അനുയോജ്യം.
അധികം ചൂടുള്ള കാലാവസ്ഥ ഇതിന്റെ വളർച്ചക്ക് ഒട്ടും യോജിച്ചതുമല്ല. എന്നാൽ വിപരീതസാഹചര്യത്തിലും തീരദേശ മണ്ണിൽ ജീരകം ഫലമണിഞ്ഞതാണ് ഇപ്പോൾ കൗതുകമായിരിക്കുന്നത്. ഇന്ത്യയിൽ കേരളം, ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും ജീരകം കൃഷി ചെയ്യുന്നുണ്ട.് മിതമായ കാലാവസ്ഥയുള്ളയിടങ്ങളിൽ ജലസേചനം നടത്തിയും കൃഷി ചെയ്യാവുന്ന ഒരു വിളയാണിത്. കൃഷിയിടത്തിലെ കൗതുകക്കാഴ്ച കാണാൻ നിരവധിപ്പേർ എത്തുന്നുണ്ട്.